< സങ്കീർത്തനങ്ങൾ 92 >

1 ശബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം. യഹോവയ്ക്ക് സ്തോത്രം ചെയ്യുന്നതും അത്യുന്നതനായ യഹോവേ, അങ്ങയുടെ നാമത്തെ കീർത്തിക്കുന്നതും 2 പത്തു കമ്പിയുള്ള വാദിത്രം കൊണ്ടും വീണ കൊണ്ടും ഗംഭീരസ്വരമുള്ള കിന്നരം കൊണ്ടും 3 രാവിലെ അങ്ങയുടെ ദയയും രാത്രിയിൽ അങ്ങയുടെ വിശ്വസ്തതയും വർണ്ണിക്കുന്നതും നല്ലത്. 4 യഹോവേ, അങ്ങയുടെ പ്രവൃത്തികൊണ്ട് അങ്ങ് എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ അങ്ങയുടെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു. 5 യഹോവേ, അങ്ങയുടെ പ്രവൃത്തികൾ എത്രമാത്രം വലിയവയാകുന്നു! അങ്ങയുടെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നെ. 6 ബുദ്ധിഹീനനായ മനുഷ്യൻ അത് അറിയുന്നില്ല; മൂഢൻ അത് ഗ്രഹിക്കുന്നതും ഇല്ല. 7 ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും നീതികേട് പ്രവർത്തിക്കുന്നവരെല്ലാം തഴയ്ക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു. 8 യഹോവേ, അവിടുന്ന് എന്നേക്കും അത്യുന്നതനാകുന്നു. 9 യഹോവേ, ഇതാ, അങ്ങയുടെ ശത്രുക്കൾ, ഇതാ, അങ്ങയുടെ ശത്രുക്കൾ നശിച്ചുപോകുന്നു; നീതികേട് പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും. 10 ൧൦ എങ്കിലും എന്റെ ശക്തി അങ്ങ് കാട്ടുപോത്തിന്റെ ശക്തിക്ക് തുല്യം ഉയർത്തുന്നു; നീ എന്നെ സന്തോഷംകൊണ്ട് അനുഗ്രഹിക്കുന്നു. 11 ൧൧ എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു; എന്റെ ചെവി എന്നോട് എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ച് കേട്ടു. 12 ൧൨ നീതിമാൻമാർ പനപോലെ തഴയ്ക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും. 13 ൧൩ യഹോവ തന്റെ ആലയത്തിൽ നട്ടിരിക്കുന്ന ഇവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴച്ചുവളരും. 14 ൧൪ വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും. 15 ൧൫ യഹോവ നേരുള്ളവൻ, കർത്താവ് എന്റെ പാറ, ദൈവത്തിൽ നീതികേടില്ല എന്ന് കാണിക്കേണ്ടതിന് തന്നെ.

< സങ്കീർത്തനങ്ങൾ 92 >