< സങ്കീർത്തനങ്ങൾ 50 >

1 ആസാഫിന്റെ ഒരു സങ്കീർത്തനം. സർവ്വശക്തനായ ദൈവം, യഹോവയായ ദൈവം തന്നെ, തന്റെ വാക്കിനാൽ, സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു. 2 സൗന്ദര്യത്തിന്റെ പൂർണ്ണതയായ സീയോനിൽനിന്ന് ദൈവം പ്രകാശിക്കുന്നു. 3 നമ്മുടെ ദൈവം വരുന്നു; നിശ്ശബ്ദനായിരിക്കുകയില്ല; ദൈവത്തിന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; അവിടുത്തെ ചുറ്റും വലിയ കൊടുങ്കാറ്റടിക്കുന്നു. 4 തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന് കർത്താവ് ഉയരത്തിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. 5 യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ. 6 ദൈവം തന്നെ ന്യായാധിപതി ആയിരിക്കുകയാൽ ആകാശം അവിടുത്തെ നീതിയെ ഘോഷിക്കും. (സേലാ) 7 എന്റെ ജനമേ, കേൾക്കുക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിങ്ങൾക്കെതിരെ സാക്ഷ്യം പറയും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു. 8 നിന്റെ ഹനനയാഗങ്ങളെക്കുറിച്ച് ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഉണ്ടല്ലോ. 9 നിന്റെ വീട്ടിൽനിന്ന് ഒരു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയോ ഞാൻ എടുക്കുകയില്ല. 10 ൧൦ കാട്ടിലെ സകലമൃഗങ്ങളും ആയിരം കുന്നുകളിലെ കന്നുകാലികളും എനിക്കുള്ളവയാകുന്നു. 11 ൧൧ മലകളിലെ പക്ഷികളെ എല്ലാം ഞാൻ അറിയുന്നു; വയലിലെ വന്യമൃഗങ്ങളും എനിക്കുള്ളവ തന്നെ. 12 ൧൨ എനിക്ക് വിശക്കുമ്പോൾ ഞാൻ നിന്നോട് പറയുകയില്ല; ലോകവും അതിലുള്ള സകലവും എന്റെയാകുന്നു. 13 ൧൩ ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ? 14 ൧൪ ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക; അത്യുന്നതനായ ദൈവത്തിന് നിന്റെ നേർച്ചകൾ കഴിക്കുക. 15 ൧൫ കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. 16 ൧൬ എന്നാൽ ദുഷ്ടനോട് ദൈവം അരുളിച്ചെയ്യുന്നത്: “എന്റെ ചട്ടങ്ങൾ അറിയിക്കുവാനും എന്റെ നിയമം നിന്റെ വായിൽ എടുക്കുവാനും നിനക്ക് എന്ത് കാര്യം? 17 ൧൭ നീ ശാസന വെറുത്ത് എന്റെ വചനങ്ങൾ നിന്റെ പിറകിൽ എറിഞ്ഞുകളയുന്നുവല്ലോ. 18 ൧൮ കള്ളനെ കണ്ടാൽ നീ അവന്റെ പക്ഷം ചേരുന്നു; വ്യഭിചാരികളോട് നീ കൂട്ട് കൂടുന്നു. 19 ൧൯ നിന്റെ വായ് നീ ദോഷത്തിന് വിട്ടുകൊടുക്കുന്നു; നിന്റെ നാവ് വഞ്ചനയ്ക്ക് രൂപം നൽകുന്നു. 20 ൨൦ നീ ഇരുന്ന് നിന്റെ സഹോദരന് വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു. 21 ൨൧ ഇപ്രകാരം നീ ചെയ്യുകയും ഞാൻ മിണ്ടാതിരിക്കുകയും ചെയ്തപ്പോൾ ഞാനും നിന്നെപ്പോലെയുള്ളവനെന്ന് നീ വിചാരിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ച് നിന്റെ കണ്ണിന്റെ മുമ്പിൽ അവയെല്ലാം നിരത്തിവക്കും”. 22 ൨൨ ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊള്ളുവീൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയുമില്ല. 23 ൨൩ സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പ് ക്രമപ്പെടുത്തുന്നവന് ഞാൻ ദൈവത്തിന്റെ രക്ഷ കാണിച്ചുകൊടുക്കും.

< സങ്കീർത്തനങ്ങൾ 50 >