< സങ്കീർത്തനങ്ങൾ 49 >

1 സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സകലജനതകളുമേ, ഇത് കേൾക്കുവിൻ; സകലഭൂവാസികളുമേ, ശ്രദ്ധിക്കുവിൻ. 2 സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ. 3 എന്റെ അധരം ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും. 4 ഞാൻ സദൃശവാക്യത്തിന് എന്റെ ചെവിചായിക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും. 5 ആപത്തുകാലത്ത്, ശത്രുക്കൾ എന്റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല. 6 തന്റെ സമ്പത്തിൽ ആശ്രയിക്കുകയും ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്ന ഒരുവനും തന്റെ 7 സഹോദരൻ ശവക്കുഴി കാണാതെ എന്നേക്കും ജീവിച്ചിരിക്കേണ്ടതിന് 8 സ്വയം വീണ്ടെടുക്കുവാനോ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല. 9 അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്; അത് ഒരുനാളും സാധിക്കുകയില്ല. 10 ൧൦ ജ്ഞാനികൾ മരിക്കുകയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കുകയും അവരുടെ സമ്പാദ്യം മറ്റുള്ളവർക്ക് വിട്ടിട്ട് പോകുകയും ചെയ്യുന്നത് കാണുന്നുവല്ലോ. 11 ൧൧ തങ്ങളുടെ ശവക്കുഴികള്‍ ശാശ്വതമായും അവരുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും എന്നാകുന്നു അവരുടെ വിചാരം; അവരുടെ നിലങ്ങൾക്ക് അവർ അവരുടെ പേരിടുന്നു. 12 ൧൨ എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്‍ക്കുകയില്ല. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യൻ. 13 ൧൩ ഇത് സ്വാശ്രയക്കാരുടെ ഭവിഷ്യത്താകുന്നു; അവരുടെ വാക്കുകൾ അനുസരിക്കുന്ന അവരുടെ പിൻതലമുറക്കാരുടെയും ഗതി ഇതുതന്നെ. (സേലാ) 14 ൧൪ അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പ്രഭാതത്തിൽ അവരുടെ മേൽ വാഴും; അവരുടെ സൗന്ദര്യം ഇല്ലാതെയാകും; അവര്‍ നേരെ പാതാളത്തിലേക്ക്‌ ഇറങ്ങുന്നു. (Sheol h7585) 15 ൧൫ എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; അവിടുന്ന് എന്നെ കൈക്കൊള്ളും. (സേലാ) (Sheol h7585) 16 ൧൬ ഒരുവൻ ധനവാനായി ഭവിച്ചാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുത്. 17 ൧൭ അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകുകയില്ല; അവന്റെ മഹത്വം അവനെ അനുഗമിക്കുകയുമില്ല. 18 ൧൮ അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്ന് സ്വയം പറഞ്ഞു; നീ നിനക്ക് തന്നെ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും. 19 ൧൯ അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോട് ചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല. 20 ൨൦ ആദരവ് നേടിയ മനുഷ്യൻ വിവേക ശൂന്യനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യനാകുന്നു.

< സങ്കീർത്തനങ്ങൾ 49 >