< സങ്കീർത്തനങ്ങൾ 2 >

1 ജനതകൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്? 2 യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്: 3 “നാം അവരുടെ കെട്ടുകൾ പൊട്ടിച്ച് അവരുടെ കയറുകൾ എറിഞ്ഞുകളയുക”. 4 സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു. 5 അന്ന് അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. 6 “എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു”. 7 ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; യഹോവ എന്നോട് അരുളിച്ചെയ്തത്: “നീ എന്റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. 8 എന്നോട് ചോദിച്ചുകൊള്ളുക; ഞാൻ നിനക്ക് ജനതകളെ അവകാശമായും ഭൂമിയുടെ അറുതികളെ കൈവശമായും തരും; 9 ഇരിമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും”. 10 ൧൦ ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിക്കുവിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്ളുവിൻ. 11 ൧൧ ഭയത്തോടെ യഹോവയെ സേവിക്കുവിൻ; വിറയലോടെ ഘോഷിച്ചുല്ലസിക്കുവിൻ. 12 ൧൨ ദൈവം കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിക്കുവാൻ ദൈവപുത്രനെ ചുംബിക്കുവിൻ. ദൈവത്തിന്റെ കോപം ക്ഷണനേരത്തേക്കേ ഉള്ളൂ. ദൈവത്തെ ശരണം പ്രാപിക്കുന്ന എല്ലാവരും ഭാഗ്യവാന്മാർ.

< സങ്കീർത്തനങ്ങൾ 2 >