< ലേവ്യപുസ്തകം 9 >

1 എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേൽ മൂപ്പന്മാരെയും വിളിച്ച്, 2 അഹരോനോടു പറഞ്ഞതെന്തെന്നാൽ: “നീ പാപയാഗത്തിനായി ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഹോമയാഗത്തിനായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്ത് യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം. 3 എന്നാൽ യിസ്രായേൽ മക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ‘യഹോവയുടെ സന്നിധിയിൽ യാഗം കഴിക്കേണ്ടതിനു നിങ്ങൾ പാപയാഗത്തിനായി ഊനമില്ലാത്ത ഒരു കോലാട്ടിൻകുട്ടിയെയും ഹോമയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിൻകുട്ടിയെയും 4 സമാധാനയാഗത്തിനായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണചേർത്ത ഭോജനയാഗത്തെയും എടുക്കുവിൻ; യഹോവ ഇന്ന് നിങ്ങൾക്ക് പ്രത്യക്ഷനാകും’”. 5 മോശെ കല്പിച്ചവ എല്ലാം അവർ സമാഗമനകൂടാരത്തിനു മുമ്പിൽ കൊണ്ടുവന്നു; സഭമുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു. 6 അപ്പോൾ മോശെ: “നിങ്ങൾ ചെയ്യണമെന്ന് യഹോവ കല്പിച്ച കാര്യം ഇതാകുന്നു; യഹോവയുടെ തേജസ്സ് നിങ്ങൾക്ക് പ്രത്യക്ഷമാകും” എന്നു പറഞ്ഞു. 7 അഹരോനോട് മോശെ: “നീ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അർപ്പിച്ചു നിനക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാട് അർപ്പിച്ച് അവർക്കായിട്ടും പ്രായശ്ചിത്തം കഴിക്കുക എന്നു പറഞ്ഞു. 8 അങ്ങനെ അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിനുള്ള കാളക്കുട്ടിയെ അറുത്തു; 9 അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അഹരോന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. 10 ൧൦ പാപയാഗത്തിന്റെ മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും അവൻ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. 11 ൧൧ അതിന്റെ മാംസവും തോലും അവൻ പാളയത്തിനു പുറത്ത് തീയിൽ ഇട്ടു ചുട്ടുകളഞ്ഞു. 12 ൧൨ അവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അത് യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. 13 ൧൩ അവർ കഷണംകഷണമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവയെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. 14 ൧൪ അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു. 15 ൧൫ അവൻ ജനത്തിന്റെ വഴിപാട് കൊണ്ടുവന്നു: ജനത്തിനുവേണ്ടി പാപയാഗത്തിനുള്ള കോലാടിനെ പിടിച്ച് അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അർപ്പിച്ചു. 16 ൧൬ അവൻ ഹോമയാഗംകൊണ്ടു വന്ന് അതും നിയമപ്രകാരം അർപ്പിച്ചു. 17 ൧൭ അവൻ ഭോജനയാഗം കൊണ്ടുവന്ന് അതിൽ നിന്നു കൈനിറച്ച് എടുത്തു പ്രഭാതത്തിലെ ഹോമയാഗത്തിനു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. 18 ൧൮ പിന്നെ അവൻ ജനത്തിനുവേണ്ടി സമാധാനയാഗത്തിനുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അത് യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. 19 ൧൯ കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും കൊണ്ടുവന്നു. 20 ൨൦ അവർ മേദസ്സു നെഞ്ചിന്റെ കഷണങ്ങളുടെമേൽ വച്ചു; അവൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. 21 ൨൧ എന്നാൽ നെഞ്ചിന്റെ കഷണങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജാനാർപ്പണമായി നീരാജനം ചെയ്തു. 22 ൨൨ പിന്നെ അഹരോൻ ജനത്തിനു നേരെ കൈ ഉയർത്തി അവരെ ആശീർവ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ട് അവൻ ഇറങ്ങിപ്പോന്നു. 23 ൨൩ മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ട് പുറത്തു വന്നു ജനത്തെ ആശീർവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സ് സകലജനത്തിനും പ്രത്യക്ഷമായി. 24 ൨൪ യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അത് കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.

< ലേവ്യപുസ്തകം 9 >