< യിരെമ്യാവു 28 >

1 ആ ആണ്ടിൽ, യെഹൂദാ രാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിൽ, നാലാം ആണ്ടിൽ അഞ്ചാം മാസം, ഗിബെയോന്യനായ അസ്സൂരിന്റെ മകൻ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സർവ്വജനത്തിന്റെയും മുമ്പിൽവച്ച് എന്നോട് പറഞ്ഞതെന്തെന്നാൽ: 2 “യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയുന്നു. 3 ബാബേൽരാജാവായ നെബൂഖദ്നേസർ ഈ സ്ഥലത്തുനിന്ന് എടുത്ത് ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങൾ സകലവും ഞാൻ രണ്ടു സംവത്സരത്തിനകം ഈ സ്ഥലത്തേക്ക് മടക്കിവരുത്തും; 4 യെഹോയാക്കീമിന്റെ മകൻ യെഹൂദാ രാജാവായ യെഖൊന്യാവിനെയും ബാബേലിലേക്കു പോയ സകല യെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്ക് മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും” എന്ന് യഹോവയുടെ അരുളപ്പാട്. 5 അപ്പോൾ യിരെമ്യാപ്രവാചകൻ പുരോഹിതന്മാരും യഹോവയുടെ ആലയത്തിൽ നില്ക്കുന്ന സകലജനവും കേൾക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞത്: 6 “ആമേൻ, യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും സകലബദ്ധന്മാരെയും അവൻ ബാബേലിൽനിന്നു ഈ സ്ഥലത്തേക്ക് മടക്കിവരുത്തുമെന്ന് നീ പ്രവചിച്ച വാക്കുകളെ യഹോവ നിവർത്തിക്കുമാറാകട്ടെ! 7 എങ്കിലും ഞാൻ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊള്ളുക. 8 എനിക്കും നിനക്കും മുമ്പ് പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാർ, അനേകം ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കും വിരോധമായി യുദ്ധവും അനർത്ഥവും മഹാമാരിയും പ്രവചിച്ചു. 9 സമാധാനം പ്രവചിക്കുന്ന പ്രവാചകന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ യഥാർഥത്തിൽ യഹോവ അയച്ച പ്രവാചകൻ എന്ന് തെളിയും” എന്ന് യിരെമ്യാപ്രവാചകൻ പറഞ്ഞു; 10 ൧൦ അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് ആ നുകം എടുത്ത് ഒടിച്ചുകളഞ്ഞിട്ട്, 11 ൧൧ സകലജനവും കേൾക്കെ; ‘ഇങ്ങനെ ഞാൻ രണ്ടു സംവത്സരത്തിനകം ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകലജനതകളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. യിരെമ്യാപ്രവാചകൻ തന്റെ വഴിക്കുപോയി. 12 ൧൨ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് നുകം എടുത്ത് ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: 13 ൧൩ നീ ചെന്ന് ഹനന്യാവിനോടു പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിന് പകരം നീ ഇരിമ്പുകൊണ്ടുള്ള ഒരു നുകം ഉണ്ടാക്കിയിരിക്കുന്നു”. 14 ൧൪ എങ്ങനെയെന്നാൽ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; “ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരിമ്പുകൊണ്ടുള്ള ഒരു നുകം ഞാൻ ഈ സകലജനതകളുടെയും കഴുത്തിൽ വച്ചിരിക്കുന്നു; അവർ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാൻ അവന് കൊടുത്തിരിക്കുന്നു”. 15 ൧൫ പിന്നെ യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോട്: “ഹനന്യാവേ, കേൾക്കുക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ വ്യാജത്തിൽ ആശ്രയിക്കുമാറാക്കുന്നു”. 16 ൧൬ അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവയ്ക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു” എന്ന് പറഞ്ഞു. 17 ൧൭ അങ്ങനെ ഹനന്യാപ്രവാചകൻ ആയാണ്ടിൽ തന്നെ ഏഴാം മാസത്തിൽ മരിച്ചു.

< യിരെമ്യാവു 28 >