< യെശയ്യാവ് 19 >

1 ഈജിപ്റ്റിനെക്കുറിച്ചുള്ള പ്രവാചകം: യഹോവ വേഗതയുള്ള ഒരു മേഘത്തെ വാഹനമാക്കി ഈജിപ്റ്റിലേക്കു വരുന്നു; അപ്പോൾ ഈജിപ്റ്റിലെ മിഥ്യാമൂർത്തികൾ അവിടുത്തെ സന്നിധിയിങ്കൽ നടുങ്ങുകയും ഈജിപ്റ്റിന്റെ ഹൃദയം അതിന്റെ ഉള്ളിൽ ഉരുകുകയും ചെയ്യും. 2 “ഞാൻ ഈജിപ്റ്റുകാരെ ഈജിപ്റ്റുകാരോടു കലഹിപ്പിക്കും; അവർ ഓരോരുത്തൻ അവനവന്റെ സഹോദരനോടും ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും. 3 ഈജിപ്റ്റിന്റെ ചൈതന്യം അതിന്റെ ഉള്ളിൽ ഒഴിഞ്ഞുപോകും; ഞാൻ അതിന്റെ ആലോചനയെ നശിപ്പിക്കും; അപ്പോൾ അവർ മിഥ്യാമൂർത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാട് ചോദിക്കും. 4 ഞാൻ ഈജിപ്റ്റുകാരെ ഒരു ക്രൂരയജമാനന്റെ കയ്യിൽ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 5 സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും. 6 നദികൾക്കു നാറ്റം പിടിക്കും; ഈജിപ്റ്റിലെ തോടുകൾ വറ്റി ഉണങ്ങും; ഞാങ്ങണയും ഓടപ്പുല്ലും വാടിപ്പോകും. 7 നദിക്കരികിലും നദീതീരത്തും ഉള്ള പുല്പുറങ്ങളും നദീതീരത്തു വിതച്ച സകലവും ഉണങ്ങി പറന്ന് ഇല്ലാതെപോകും. 8 മീൻ പിടിക്കുന്നവർ വിലപിക്കും; നദിയിൽ ചൂണ്ടൽ ഇടുന്നവരെല്ലാം ദുഃഖിക്കും; വെള്ളത്തിൽ വല വീശുന്നവർ വിഷാദിക്കും. 9 ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചുപോകും. 10 ൧൦ രാജ്യത്തിന്റെ തൂണുകളായിരിക്കുന്നവർ തകർന്നുപോകും; കൂലിവേലക്കാർ മനോവ്യസനത്തോടെയിരിക്കും. 11 ൧൧ സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ; ഫറവോന്റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്തമായി തീർന്നിരിക്കുന്നു; “ഞാൻ ജ്ഞാനികളുടെ മകൻ, പുരാതനരാജാക്കന്മാരുടെ മകൻ” എന്നിപ്രകാരം നിങ്ങൾ ഫറവോനോട് പറയുന്നത് എങ്ങനെ? 12 ൧൨ നിന്റെ ജ്ഞാനികൾ എവിടെ? അവർ ഇപ്പോൾ നിനക്ക് പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണ്ണയിച്ചത് അവർ എന്തെന്ന് ഗ്രഹിക്കട്ടെ. 13 ൧൩ സോവനിലെ പ്രഭുക്കന്മാർ ഭോഷന്മാരായിത്തീർന്നിരിക്കുന്നു; നോഫിലെ പ്രഭുക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു; ഈജിപ്റ്റിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവർ അതിനെ തെറ്റിച്ചുകളഞ്ഞു. 14 ൧൪ യഹോവ അതിന്റെ നടുവിൽ മനോവിഭ്രമം പകർന്നു; ലഹരിപിടിച്ചവൻ തന്റെ ഛർദ്ദിയിൽ വേച്ചുനടക്കുന്നതുപോലെ അവർ ഈജിപ്റ്റിനെ അതിന്റെ സകലപ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു. 15 ൧൫ തലയ്ക്കോ വാലിനോ പനമ്പട്ടയ്ക്കോ പോട്ടപ്പുല്ലിനോ ഈജിപ്റ്റിനുവേണ്ടി ഒരു പ്രവൃത്തിയും ചെയ്യുവാനുണ്ടായിരിക്കുകയില്ല. 16 ൧൬ ആ നാളിൽ ഈജിപ്റ്റുകാർ സ്ത്രീകൾക്ക് തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതിനാൽ അവർ പേടിച്ചു വിറയ്ക്കും. 17 ൧൭ യെഹൂദാദേശം ഈജിപറ്റിനു ഭയങ്കരമായിരിക്കും; അതിന്റെ പേര് പറഞ്ഞുകേൾക്കുന്നവരെല്ലാം സൈന്യങ്ങളുടെ യഹോവ അതിന് വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും. 18 ൧൮ ആ നാളിൽ ഈജിപ്റ്റിലുള്ള അഞ്ച് പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിനു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേര് വിളിക്കപ്പെടും. 19 ൧൯ ആ നാളിൽ ഈജിപ്റ്റിന്റെ നടുവിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്റെ അതിർത്തിയിൽ യഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും. 20 ൨൦ അത് ഈജിപ്റ്റിൽ സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്ക് ഒരു രക്ഷകനെ അയയ്ക്കും; അവൻ പൊരുതി അവരെ വിടുവിക്കും. 21 ൨൧ അങ്ങനെ യഹോവ ഈജിപ്റ്റിനു സ്വയം വെളിപ്പെടുത്തുകയും ഈജിപ്റ്റുക്കാർ അന്ന് യഹോവയെ അറിഞ്ഞ് യാഗവും വഴിപാടും അർപ്പിക്കുകയും യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് അതിനെ നിവർത്തിക്കുകയും ചെയ്യും. 22 ൨൨ യഹോവ ഈജിപ്റ്റിനെ അടിക്കും; അടിച്ചിട്ട് അവൻ വീണ്ടും അവരെ സൗഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരിയുകയും അവൻ അവരുടെ പ്രാർത്ഥന കേട്ട് അവരെ സൗഖ്യമാക്കുകയും ചെയ്യും. 23 ൨൩ ആ നാളിൽ ഈജിപ്റ്റിൽ നിന്ന് അശ്ശൂരിലേക്ക് ഒരു പ്രധാനപാത ഉണ്ടാകും; അശ്ശൂര്യർ ഈജിപ്റ്റിലേക്കും ഈജിപ്റ്റുകാർ അശ്ശൂരിലേക്കും ചെല്ലും; ഈജിപ്റ്റുകാർ അശ്ശൂര്യരോടുകൂടി ആരാധന കഴിക്കും. 24 ൨൪ ആ നാളിൽ യിസ്രായേൽ ഭൂമിയുടെ മദ്ധ്യത്തിൽ ഒരു അനുഗ്രഹമായി ഈജിപ്റ്റിനോടും അശ്ശൂരിനോടുംകൂടി മൂന്നാമതായിരിക്കും. 25 ൨൫ സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു: “എന്റെ ജനമായ ഈജിപ്റ്റും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ” എന്ന് അരുളിച്ചെയ്യും.

< യെശയ്യാവ് 19 >