< ഹോശേയ 3 >

1 അനന്തരം യഹോവ എന്നോട്: “യിസ്രായേൽ മക്കൾ അന്യദേവന്മാരോട് ചേർന്ന് മുന്തിരിയടകൾ ഇഷ്ടപ്പെടുന്നുവെങ്കിലും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ, നീ വീണ്ടും ചെന്ന് ഒരു ജാരനാൽ സ്നേഹിക്കപ്പെടുന്ന വ്യഭിചാരിണിയായ സ്ത്രീയെ സ്നേഹിക്കുക” എന്ന് കല്പിച്ചു. 2 അങ്ങനെ ഞാൻ അവളെ പതിനഞ്ച് വെള്ളിക്കാശും ഒന്നര ഹോമെർ യവവും വിലകൊടുത്ത് വാങ്ങി അവളോട്: 3 “നീ ബഹുകാലം എന്നോടൊപ്പം അടങ്ങിപ്പാർക്കണം; പരസംഗം ചെയ്യുകയോ മറ്റൊരു പുരുഷന്റെ ഭാര്യയാകുകയോ അരുത്; ഞാനും അങ്ങനെ തന്നെ ചെയ്യും” എന്ന് പറഞ്ഞു. 4 ഈ വിധം യിസ്രായേൽ മക്കൾ ബഹുകാലം രാജാവില്ലാതെയും, പ്രഭുവില്ലാതെയും, യാഗമില്ലാതെയും, പ്രതിഷ്ഠയില്ലാതെയും, എഫോദില്ലാതെയും, ഗൃഹബിംബമില്ലാതെയും ഇരിക്കും. 5 പിന്നെ, യിസ്രായേൽ മക്കൾ മനംതിരിഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്ത് അവർ ഭയപ്പെട്ട് യഹോവയിലേക്കും അവിടുത്തെ നന്മയിലേക്കും വരും.

< ഹോശേയ 3 >