< എസ്രാ 1 >

1 യഹോവ യിരെമ്യാ പ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ കോരെശിന്റെ മനസ്സ് ഉണർത്തിയിട്ട്, അവൻ തന്റെ രാജ്യത്ത് എല്ലാടവും ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി എല്ലാവരേയും അറിയിച്ചത് എന്തെന്നാൽ
പാർസിരാജാവായ കോരെശിന്റെ ഒന്നാംവർഷത്തിൽ, യിരെമ്യാവിലൂടെ സംസാരിച്ച യഹോവയുടെ വചനം നിറവേറുന്നതിനു, യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സുണർത്തി; അദ്ദേഹം തന്റെ രാജ്യംമുഴുവനും ഒരു വിളംബരം പുറപ്പെടുവിക്കുകയും അതു രേഖപ്പെടുത്തിവെക്കുകയും ചെയ്തത് ഇപ്രകാരമാണ്:
2 “പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്ക് തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിവാൻ എന്നോട് കല്പിച്ചുമിരിക്കുന്നു.
“പാർസിരാജാവായ കോരെശ് ഈ വിധം ആജ്ഞാപിക്കുന്നു: “‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നൽകിയിരിക്കുന്നു. യെഹൂദ്യയിലെ ജെറുശലേമിൽ അവിടത്തേക്കുവേണ്ടി ഒരു ആലയം പണിയാൻ അവിടന്ന് എന്നെ നിയോഗിച്ചിരിക്കുന്നു.
3 നിങ്ങളിൽ അവന്റെ ജനമായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോട് കൂടെ ഇരിക്കുമാറാകട്ടെ; അവൻ യെഹൂദയിലെ യെരൂശലേമിലേക്ക് യാത്ര പുറപ്പെട്ട് യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.
അതിനാൽ നിങ്ങളിൽ യഹോവയുടെ ജനമായി ആരെങ്കിലുമുണ്ടെങ്കിൽ, അവർ യെഹൂദ്യയിലെ ജെറുശലേമിലേക്കു യാത്ര പുറപ്പെടട്ടെ. അവർ പോയി ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവിടന്നാണല്ലോ ജെറുശലേമിലെ ദൈവം. അവരുടെ ദൈവം അവരോടുകൂടെ ഇരിക്കുമാറാകട്ടെ
4 ശേഷിച്ചിരിക്കുന്നവർ പാർക്കുന്ന ഇടത്തൊക്കെയും അതത് സ്ഥലത്തിലെ സ്വദേശികൾ, പൊന്ന്, വെള്ളി, മറ്റു സാധനങ്ങൾ, കന്നുകാലി എന്നിവയാലും, യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.
യെഹൂദരിൽ അവശേഷിക്കുന്നവർക്ക് അവരുടെ അയൽവാസികൾ അവരുടെ നിലനിൽപ്പിന്റെ ചെലവിലേക്കായി ജെറുശലേമിലെ ദൈവാലയത്തിനുള്ള സ്വമേധായാഗങ്ങൾ നൽകുന്നതോടൊപ്പം അവർക്കും വെള്ളിയും സ്വർണവും മറ്റു സാധനങ്ങളും കന്നുകാലികളെയും സംഭാവനചെയ്യണം.’”
5 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും, പുരോഹിതന്മാരും ലേവ്യരും, ദൈവം ഉണർത്തിയ എല്ലാവരും, യെരൂശലേമിൽ യഹോവയുടെ ആലയം പണിവാൻ പോകേണ്ടതിന് യാത്ര പുറപ്പെട്ടു.
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും കുടുംബത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും—ദൈവത്താൽ മനസ്സുണർത്തപ്പെട്ട എല്ലാവരും—ജെറുശലേമിലെ യഹോവയുടെ ആലയത്തിന്റെ പണിക്കുപോകാൻ ഒരുങ്ങി.
6 അവരുടെ ചുറ്റും പാർത്തവർ ഔദാര്യദാനങ്ങൾ കൊടുത്തത് കൂടാതെ, വെള്ളിയും പൊന്നും കൊണ്ടുള്ള ഉപകരണങ്ങൾ, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലയേറിയ വസ്തുക്കൾ എന്നിവ കൊണ്ടും അവരെ പ്രോത്സാഹിപ്പിച്ചു.
അവരുടെ ചുറ്റുപാടുമുണ്ടായിരുന്നവർ സ്വമേധായാഗങ്ങൾക്കു പുറമേ, വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, സ്വർണം, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലപിടിപ്പുള്ള ദാനങ്ങൾ എന്നിവയും നൽകി സഹായിച്ചു.
7 നെബൂഖദ്നേസർ യെരൂശലേമിൽനിന്ന് കൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളും കോരെശ്‌രാജാവ് പുറത്തേക്ക് എടുപ്പിച്ചു.
നെബൂഖദ്നേസർ ജെറുശലേമിൽനിന്നു കൊണ്ടുവന്നു തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ കോരെശ്‌രാജാവ് പുറത്തെടുപ്പിച്ചു.
8 പാർസിരാജാവായ കോരെശ് ഖജനാവ് സൂക്ഷിപ്പുകാരനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്ക് എടുപ്പിച്ച് യെഹൂദാപ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു. അവയുടെ എണ്ണം ഇത്രയായിരുന്നു:
പാർസിരാജാവായ കോരെശ്, ഭണ്ഡാരസൂക്ഷിപ്പുകാരനായ മിത്രെദാത്ത് മുഖാന്തരം അവ എടുത്ത് യെഹൂദാ പ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു.
9 പൊൻതാലം മുപ്പത്, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പത്, പൊൻപാത്രം മുപ്പത്,
അവയുടെ എണ്ണം ഇപ്രകാരമായിരുന്നു: സ്വർണത്താലം 30 വെള്ളിത്താലം 1,000 വെള്ളികൊണ്ടുള്ള ചട്ടി 29
10 ൧൦ അതേപോലെയുള്ള വെള്ളിപ്പാത്രം നാനൂറ്റിപ്പത്ത്, മറ്റുള്ള ഉപകരണങ്ങൾ ആയിരം.
സ്വർണപ്പാത്രം 30 മറ്റുതരം വെള്ളിപ്പാത്രം 410 മറ്റ് ഉപകരണങ്ങൾ 1,000.
11 ൧൧ പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറ് ആയിരുന്നു; പ്രവാസികളെ ബാബേലിൽനിന്ന് യെരൂശലേമിലേക്ക് കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി.
സ്വർണവും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങൾ ആകെ 5,400 എണ്ണം ഉണ്ടായിരുന്നു. പ്രവാസികൾ ബാബേലിൽനിന്ന് ജെറുശലേമിലേക്കു വന്നപ്പോൾ ഇവയെല്ലാം ശേശ്ബസ്സർ കൂടെ കൊണ്ടുവന്നിരുന്നു.

< എസ്രാ 1 >