< എസ്രാ 5 >

1 അപ്പോൾ ഹഗ്ഗായി, ഇദ്ദോവിന്റെ മകൻ സെഖര്യാവ് എന്നീ പ്രവാചകന്മാർ യെഹൂദയിലും യെരൂശലേമിലും ഉള്ള യെഹൂദന്മാരോട്, തങ്ങളുടെമേൽ ഉള്ള യിസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ പ്രവചിച്ചു. 2 അങ്ങനെ ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും, യോസാദാക്കിന്റെ മകൻ യേശുവയും ചേർന്ന് യെരൂശലേമിലെ ദൈവാലയം പണിവാൻ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാരും അവരെ സഹായിച്ചു. 3 ആ കാലത്ത് നദിക്ക് മറുകരയിലുള്ള ദേശാധിപതിയായ തത്നായിയും, ശെഥർ-ബോസ്നായിയും, അവരുടെ കൂട്ടുകാരും അടുക്കൽവന്ന് അവരോട്: ഈ ആലയം പണിവാനും മതിൽ കെട്ടുവാനും നിങ്ങൾക്ക് കൽപ്പന തന്നത് ആരെന്നും 4 ഈ കെട്ടിടം പണിയുന്ന ആളുകളുടെ പേരെന്തെന്നും അവരോട് ചോദിച്ചു. 5 എന്നാൽ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ട്, ഈ കാര്യം ദാര്യാവേശിന്റെ സന്നിധിയിൽ ബോധിപ്പിച്ച്, മറുപടി വരുന്നത് വരെ പണി തടസ്സപ്പെടുത്തുവാൻ അവർക്ക് സാധിച്ചില്ല. 6 നദിക്ക് അക്കരെ ദേശാധിപതിയായ തത്നായിയും, ശെഥർ-ബോസ്നായിയും, നദിക്ക് മറുകരയിലുള്ള അഫർസ്യരായ അവന്റെ കൂട്ടുകാരും ദാര്യാവേശ്‌രാജാവിന് എഴുതി അയച്ച പത്രികയുടെ പകർപ്പ്; 7 അവർ അവന് ഒരു പത്രിക കൊടുത്തയച്ചു, അതിൽ എഴുതിയത് എന്തെന്നാൽ: “ദാര്യാവേശ്‌രാജാവിന് സർവമംഗളവും ഭവിക്കട്ടെ” 8 രാജാവ് അറിഞ്ഞാലും “ഞങ്ങൾ യെഹൂദാസംസ്ഥാനത്തിൽ മഹാദൈവത്തിന്റെ ആലയത്തിലേക്ക് ചെന്നു; അത് അവർ വലിയ കല്ലുകൊണ്ട് പണിയുന്നു; ചുവരിന്മേൽ ഉത്തരം കയറ്റുന്നു; അവർ ജാഗ്രതയായി പണിനടത്തുന്നു; അവർക്ക് അത് സാധിക്കുകയും ചെയ്യുന്നു. 9 ഞങ്ങൾ ആ മൂപ്പന്മാരോട്: ഈ ആലയം പണിവാനും, മതിൽ കെട്ടുവാനും നിങ്ങൾക്ക് കല്പന തന്നത് ആരെന്ന് ചോദിച്ചു. 10 ൧൦ അവരുടെ ഇടയിൽ തലവന്മാരായ ആളുകളുടെ പേരുകൾ എഴുതി സന്നിധാനത്തിൽ അയക്കേണ്ടതിന് ഞങ്ങൾ അവരുടെ പേരും അവരോട് ചോദിച്ചു. 11 ൧൧ എന്നാൽ അവർ ഞങ്ങളോട്: ഞങ്ങൾ സ്വർഗ്ഗത്തിനും, ഭൂമിക്കും ദൈവമായവന്റെ ശുശ്രൂഷക്കാരാകുന്നു; അനേക വർഷങ്ങൾക്ക് മുമ്പ് പണിതിരുന്ന ആലയം ഞങ്ങൾ പണിയുന്നു; അത് യിസ്രായേലിന്റെ ഒരു മഹാരാജാവ് പണിതതായിരുന്നു. 12 ൧൨ എങ്കിലും, ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ സ്വർഗ്ഗത്തിലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ട്, അവൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസർ എന്ന കൽദയന്റെ കയ്യിൽ ഏല്പിച്ചു; അവൻ ഈ ആലയം നശിപ്പിച്ച് ജനത്തെ ബാബേലിലേക്ക് കൊണ്ടുപോയി. 13 ൧൩ എന്നാൽ ബാബേൽരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ കോരെശ്‌രാജാവ് ഈ ദൈവാലയം പണിവാൻ കല്പന തന്നു. 14 ൧൪ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്ത് ബാബേലിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി വെച്ചിരുന്ന ദൈവാലയം വക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളെ കോരെശ്‌രാജാവ് എടുപ്പിച്ച് താൻ നിയമിച്ചിരുന്ന ശേശ്ബസ്സർ എന്നു പേരുള്ള ദേശാധിപതിക്ക് ഏല്പിച്ചുകൊടുത്ത് അവനോട് 15 ൧൫ ഈ ഉപകരണങ്ങൾ നീ എടുത്ത് യെരൂശലേമിലെ മന്ദിരത്തിലേക്ക് കൊണ്ടുചെല്ലുക; ദൈവാലയം അതിന്റെ സ്ഥാനത്തു പണിയട്ടെ എന്ന് കല്പിച്ചു. 16 ൧൬ അങ്ങനെ ശേശ്ബസ്സർ വന്ന് യെരൂശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു; അന്നുമുതൽ ഇന്നുവരെ അത് പണിതുവരുന്നു; ഇതുവരെ അത് തീർന്നിട്ടില്ല എന്ന് അവർ ഉത്തരം പറഞ്ഞിരിക്കുന്നു. 17 ൧൭ ആകയാൽ രാജാവ് തിരുമനസ്സായി യെരൂശലേമിലെ ഈ ദൈവാലയം പണിവാൻ കോരെശ്‌രാജാവ് കല്പന കൊടുത്തത് വാസ്തവമോ എന്ന് ബാബേലിലെ രാജഭണ്ഡാരഗൃഹത്തിൽ പരിശോധിച്ച് ഇതിനെക്കുറിച്ച് തിരുവുള്ളം എന്തെന്ന് ഞങ്ങൾക്ക് എഴുതി അയച്ചുതരേണമെന്ന് അപേക്ഷിക്കുന്നു”.

< എസ്രാ 5 >