< 1 പത്രൊസ് 1 >

1 യേശുക്രിസ്തുവിന്റെ ഒരു അപ്പൊസ്തലനായ പത്രൊസ്, പ്രദേശങ്ങളായ പൊന്തൊസിലും ഗലാത്യയിലും കപ്പദോക്യയിലും ആസ്യയിലും ബിഥുന്യയിലും ആകമാനം ചിതറിപ്പാർക്കുന്നവരും,
യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രോസ്, പൊന്തോസ്, ഗലാത്യ, കപ്പദോക്യ, ഏഷ്യ, ബിഥുന്യ എന്നീ പ്രവിശ്യകളിൽ പ്രവാസികളായി ചിതറിപ്പാർക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവർക്ക്, എഴുതുന്നത്:
2 യേശുക്രിസ്തുവിനോടുള്ള അനുസരണത്തിനാലും അവന്റെ രക്തത്താൽ തളിക്കപ്പെട്ടതിനാലും ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ച് പിതാവായ ദൈവത്തിന്റെ മുന്നറിവിൻ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുമായ പരദേശികളായ ദൈവജനങ്ങള്‍ക്ക് എഴുതുന്നത്: നിങ്ങൾക്ക് കൃപയും സമാധാനവും വർദ്ധിച്ച് വരുമാറാകട്ടെ.
പിതാവായ ദൈവത്തിന്റെ പൂർവജ്ഞാനത്തിന് അനുസൃതമായി തെരഞ്ഞെടുക്കപ്പെട്ടവരായ നിങ്ങൾ, പരിശുദ്ധാത്മാവിനാലുള്ള വിശുദ്ധീകരണത്താൽ യേശുക്രിസ്തുവിനെ അനുസരിക്കുന്നവരും അവിടത്തെ രക്തത്താൽ വിശുദ്ധി ലഭിച്ചവരും ആയിത്തീർന്നിരിക്കുന്നല്ലോ. നിങ്ങൾക്കു കൃപയും സമാധാനവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ.
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. മരിച്ചവരിൽ നിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം തന്റെ ജീവനുള്ള പ്രത്യാശയ്ക്കായി, അവൻ നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം! ദൈവത്തിന്റെ മഹാകരുണയാൽ, മരിച്ചവരിൽനിന്ന് യേശുക്രിസ്തു പുനരുത്ഥാനംചെയ്തതിലൂടെ ജീവനുള്ള പ്രത്യാശയിലേക്കു നമുക്കു പുതുജനനം നൽകിയിരിക്കുന്നു.
4 അതുമൂലം അഴുകിപ്പോകാത്തതും മാലിന്യപ്പെടാത്തതും വാടിപ്പോകാത്തതുമായ ഒരു അവകാശം സ്വർഗ്ഗത്തിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
ഈ പ്രത്യാശ, അനശ്വരവും നിർമലവും പ്രഭ മങ്ങാത്തതും സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഓഹരി നാം സ്വന്തമാക്കേണ്ടതിനാണ്.
5 വിശ്വാസത്താൽ രക്ഷക്കായി, ദൈവശക്തിയിൽ കാത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിങ്ങൾക്ക് ഇത് അന്ത്യനാളുകളിൽ വെളിപ്പെട്ട് വരും.
അങ്ങനെ, അന്ത്യകാലത്തു വെളിപ്പെടാൻ സജ്ജമാക്കിയിരിക്കുന്ന രക്ഷയ്ക്കായി, വിശ്വാസത്താൽ നാം ദൈവശക്തിയിൽ സംരക്ഷിക്കപ്പെടുന്നു.
6 ഇപ്പോൾ നിങ്ങൾ അല്പനേരത്തേക്ക് വിവിധ പരീക്ഷകളാൽ ഭാരപ്പെട്ടിരിക്കുന്നത് ആവശ്യമെങ്കിലും അത് മൂലം വളരെ സന്തോഷിച്ചു കൊൾവിൻ.
ഇപ്പോൾ ചുരുങ്ങിയ സമയത്തേക്ക് വിവിധ കഷ്ടതകൾമൂലം വ്യാകുലപ്പെടേണ്ടിവന്നാലും നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന രക്ഷയിൽ അത്യന്തം ആനന്ദിക്കുക.
7 നശിച്ചുപോകുന്ന പൊന്നിനേക്കാൾ വിലയേറിയതായ നിങ്ങളുടെ വിശ്വാസത്തിന്റെ ശോധന, തീയിനാൽ പരീക്ഷിക്കപ്പെടുമെങ്കിലും, യേശുക്രിസ്തുവിന്റെ രണ്ടാം വരവിന്‍റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും മാനത്തിനും മഹത്വത്തിനുമായി കാണ്മാൻ ഇടവരും.
ഈ സഹനം നിങ്ങളുടെ വിശ്വാസത്തിന്റെ മാറ്റുരയ്ക്കലാണ്. അഗ്നിയിൽ സ്ഫുടം ചെയ്യപ്പെടുന്ന, നശ്വരമായ തങ്കത്തെക്കാൾ അമൂല്യമാണ് നിങ്ങളുടെ വിശ്വാസത്തിന്റെ പരിശുദ്ധി. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അത് സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും കാരണമാകും.
8 കണ്ടിട്ടില്ലെങ്കിലും നിങ്ങൾ അവനെ സ്നേഹിക്കുന്നു; അവനെ ഇപ്പോൾ കാണുന്നില്ലെങ്കിലും, നിങ്ങൾ അവനെ വിശ്വസിക്കുന്നതിനാൽ മഹത്വമേറിയതും വിവരിക്കാനാകാത്തതുമായ സന്തോഷത്താൽ ഉല്ലസിക്കുവിൻ.
നിങ്ങൾ ക്രിസ്തുവിനെ കണ്ടിട്ടില്ലെങ്കിലും അവിടത്തെ സ്നേഹിക്കുന്നു, നിങ്ങൾ ഇപ്പോൾ അവിടത്തെ കാണുന്നില്ലെങ്കിലും വിശ്വസിക്കുന്നു, അങ്ങനെ നിങ്ങൾ തേജോമയവും അവർണനീയവുമായ ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു.
9 അങ്ങനെ നിങ്ങളുടെ വിശ്വാസത്തിന്റെ പൂർത്തിയായ ആത്മരക്ഷ പ്രാപിക്കുവിൻ.
കാരണം നിങ്ങളുടെ വിശ്വാസത്തിന്റെ അന്തിമഫലമായ പ്രാണരക്ഷ കരസ്ഥമാക്കുകയാണല്ലോ.
10 ൧൦ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന കൃപയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു.
നിങ്ങൾക്ക് ഉണ്ടാകാനിരിക്കുന്ന കൃപയെക്കുറിച്ച് വളരെ ശ്രദ്ധചെലുത്തി സസൂക്ഷ്മം അന്വേഷിച്ചിട്ടാണ് ഈ രക്ഷയെക്കുറിച്ച് പ്രവാചകർ പ്രവചിച്ചത്.
11 ൧൧ അവരിലുള്ള ക്രിസ്തുവിൻ ആത്മാവ് ക്രിസ്തുവിന് വരേണ്ടുന്ന കഷ്ടങ്ങളെയും പിൻവരുന്ന മഹിമയേയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങനെയുള്ളതോ എന്ന് പ്രവാചകന്മാർ ആരാഞ്ഞുനോക്കി,
അവരിലുള്ള ക്രിസ്തുവിന്റെ ആത്മാവ്, ക്രിസ്തു നേരിടാൻ പോകുന്ന കഷ്ടതയെയും അതിനെ തുടർന്നുള്ള മഹത്ത്വത്തെയുംകുറിച്ചു പ്രവചിക്കുകയും അതിന്റെ സമയവും സന്ദർഭവും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു.
12 ൧൨ എന്നാൽ അവർ ശുശ്രൂഷ ചെയ്തത് അവർക്കായിട്ടല്ല നമുക്കുവേണ്ടിയത്രെ എന്ന് അവർക്ക് വെളിപ്പെട്ടു; ദൈവദൂതന്മാർ പോലും അറിയുവാൻ ആഗ്രഹിക്കുന്ന ഇക്കാര്യങ്ങൾ സ്വർഗ്ഗത്തിൽനിന്നു അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവിനോട് ചേർന്ന് നിങ്ങളോട് ഇപ്പോൾ പ്രസംഗിച്ച സുവിശേഷകരാൽ അറിയിക്കപ്പെട്ടതുതന്നെ.
അവർ ഈ ശുശ്രൂഷയിലൂടെ ചെയ്ത വെളിപ്പെടുത്തലുകൾ അവർക്കുവേണ്ടി അല്ലായിരുന്നു, പിന്നെയോ, നിങ്ങളെ ഉദ്ദേശിച്ചായിരുന്നു. സ്വർഗത്തിൽനിന്നയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവരിലൂടെയാണ് അതിപ്പോൾ നിങ്ങളോടു പ്രഘോഷിച്ചിരിക്കുന്നത്—ദൈവദൂതന്മാർപോലും ഈ വസ്തുതകളെക്കുറിച്ച് മനസ്സിലാക്കാൻ ത്വരയോടുകൂടി ഇരിക്കുന്നു.
13 ൧൩ ആകയാൽ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചും, ചിന്തയിൽ ഗൗരവമുള്ളവരായും യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്ക് വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.
ആകയാൽ നിങ്ങൾ അചഞ്ചലചിത്തരായി, പൂർണസുബോധത്തോടെ, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ ഉറപ്പിക്കുക.
14 ൧൪ പണ്ട് നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കരുത്
നിങ്ങൾ അജ്ഞതയിൽ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ദുഷ്ടമോഹങ്ങൾക്ക് അനുരൂപമാകാതെ നിങ്ങൾ അനുസരണയുള്ള മക്കളായിത്തീരുക.
15 ൧൫ എന്നാൽ വിശുദ്ധനായവൻ നിങ്ങളെ വിളിച്ചിരിക്കുന്നതുകൊണ്ട് ജീവിതത്തിലെ എല്ലാപെരുമാറ്റങ്ങളിലും നിങ്ങൾ വിശുദ്ധരായിരിപ്പിൻ.
നിങ്ങളെ തെരഞ്ഞെടുത്ത ദൈവം വിശുദ്ധനാകുകയാൽ, നിങ്ങളും സകലപ്രവൃത്തികളിലും വിശുദ്ധിയുള്ളവരാകുക.
16 ൧൬ “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
“ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
17 ൧൭ ഓരോരുത്തരുടെയും പ്രവൃത്തിക്ക് തക്കവണ്ണം നിഷ‌്പക്ഷമായി ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവായ ദൈവം എന്ന് വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയഭക്തിയോടെ ജീവിക്കുവിൻ.
ഓരോരുത്തരുടെയും പ്രവൃത്തികൾക്ക് അനുസൃതമായി, പക്ഷഭേദംകൂടാതെ ന്യായംവിധിക്കുന്ന ദൈവത്തെ നിങ്ങൾ പിതാവെന്ന് വിളിക്കുന്നു. അതിനാൽ ഭൂമിയിലെ നിങ്ങളുടെ പ്രവാസജീവിതം ഭയഭക്തിയോടെ ആയിരിക്കട്ടെ.
18 ൧൮ പിതാക്കന്മാരിൽനിന്ന് പഠിച്ച വ്യർത്ഥമായ പെരുമാറ്റങ്ങളിൽ നിന്ന് നിങ്ങളെ വീണ്ടെടുത്തിരിക്കുന്നത്, പൊന്ന്, വെള്ളി, മുതലായ നശിച്ചുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
നിങ്ങളുടെ പൂർവികരിൽനിന്നു സ്വായത്തമാക്കിയ അർഥശൂന്യമായ പാരമ്പര്യത്തിൽനിന്നു നിങ്ങളുടെ വിമോചനം സാധിച്ചത് സ്വർണം, വെള്ളി മുതലായ നശ്വരമായ വസ്തുക്കൾകൊണ്ടല്ല,
19 ൧൯ ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ ശ്രേഷ്ഠമേറിയ രക്തംകൊണ്ടത്രേ എന്ന് നിങ്ങൾ അറിയുന്നുവല്ലോ.
പിന്നെയോ, നിർമലവും കളങ്കരഹിതവുമായ ക്രിസ്തു എന്ന കുഞ്ഞാടിന്റെ അമൂല്യരക്തത്താൽ ആണ്.
20 ൨൦ ക്രിസ്തു ലോകസ്ഥാപനത്തിന് മുൻപ് തിരഞ്ഞെടുക്കപ്പെട്ടവനും ഈ അന്ത്യകാലത്ത് നിങ്ങൾക്ക് വെളിപ്പെട്ടവനും ആകുന്നു.
ലോകാരംഭത്തിനു മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തെരഞ്ഞെടുത്തിരുന്നു. എങ്കിലും ഈ അന്തിമദിനങ്ങളിലാണ് ദൈവം ക്രിസ്തുവിനെ നിങ്ങൾക്കുവേണ്ടി പ്രത്യക്ഷനാക്കിയത്.
21 ൨൧ അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന് ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചു, അവന് തേജസ്സ് കൊടുത്തുമിരിക്കുന്നു.
ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും തേജസ്കരിക്കുകയുംചെയ്ത ദൈവത്തിൽ, ക്രിസ്തു മുഖാന്തരം നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ ആയിരിക്കുകയും ചെയ്യുന്നു.
22 ൨൨ എന്നാൽ സത്യം അനുസരിക്കുകയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ട് ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിക്കുവിൻ.
നിങ്ങൾ സത്യം അനുസരിച്ചതിലൂടെ നിങ്ങൾക്ക് വിശുദ്ധീകരണം ലഭിച്ചു; അത് നിഷ്കപടമായ സഹോദരസ്നേഹത്തിനുവേണ്ടിയാണ്, അതുകൊണ്ട് നിങ്ങൾ ഹൃദയശുദ്ധിയോടെ പരസ്പരം ഗാഢമായി സ്നേഹിക്കുക.
23 ൨൩ നശിച്ചുപോകുന്ന ബീജത്താലല്ല നശിക്കാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. (aiōn g165)
നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരബീജത്താലല്ല; അനശ്വരവും ജീവനുള്ളതും ശാശ്വതവുമായ ദൈവവചനത്താൽത്തന്നെ. (aiōn g165)
24 ൨൪ “സകലജഡവും പുല്ലുപോലെയും അതിന്റെ മഹത്വം എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ല് വാടിയും, പൂവ് കൊഴിഞ്ഞും പോകുന്നു;
“എല്ലാ മാനവരും തൃണസമാനരും, അവരുടെ സർവമഹിമയും വയലിലെ പൂപോലെയും! പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു;
25 ൨൫ കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു”. അത് ആകുന്നു നിങ്ങളോടു പ്രസംഗിച്ച സുവിശേഷം. (aiōn g165)
കർത്താവിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.” ആ തിരുവചനംതന്നെയാണ് ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവിശേഷം. (aiōn g165)

< 1 പത്രൊസ് 1 >