< വെളിപാട് 16 >

1 നിങ്ങൾ പോയി ക്രോധകലശം ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തിൽനിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാൻ കേട്ടു. 2 ഒന്നാമത്തവൻ പോയി തന്റെ കലശം ഭൂമിയിൽ ഒഴിച്ചു; അപ്പോൾ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യൎക്കു വല്ലാത്ത ദുൎവ്രണം ഉണ്ടായി. 3 രണ്ടാമത്തവൻ തന്റെ കലശം സമുദ്രത്തിൽ ഒഴിച്ചു; അപ്പോൾ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിൎന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി. 4 മൂന്നാമത്തെ ദൂതൻ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു, അവ രക്തമായിത്തീൎന്നു. 5 അപ്പോൾ ജലാധിപതിയായ ദൂതൻ ഇവ്വണ്ണം പറയുന്നതു ഞാൻ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാൻ ആകുന്നു. 6 വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ചിന്നിച്ചതുകൊണ്ടു നീ അവൎക്കു രക്തം കുടിപ്പാൻ കൊടുത്തു; അതിന്നു അവർ യോഗ്യർ തന്നേ. 7 അവ്വണ്ണം യാഗപീഠവും: അതേ, സൎവ്വശക്തിയുള്ള ദൈവമായ കൎത്താവേ, നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാൻ കേട്ടു. 8 നാലാമത്തവൻ തന്റെ കലശം സൂൎയ്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ടു മനുഷ്യരെ ചുടുവാൻ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു. 9 മനുഷ്യർ അത്യുഷ്ണത്താൽ വെന്തുപോയി; ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല. 10 അഞ്ചാമത്തവൻ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി. 11 അവർ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാൽ സ്വൎഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല. 12 ആറാമത്തവൻ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയിൽ ഒഴിച്ചു: കിഴക്കു നിന്നു വരുന്ന രാജാക്കന്മാൎക്കു വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി. 13 മഹാസൎപ്പത്തിന്റെ വായിൽ നിന്നും മൃഗത്തിന്റെ വായിൽ നിന്നും കള്ളപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു. 14 ഇവ സൎവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സൎവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേൎപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ.— 15 ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ.— 16 അവ അവരെ എബ്രായഭാഷയിൽ ഹൎമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേൎത്തു. 17 ഏഴാമത്തവൻ തന്റെ കലശം ആകാശത്തിൽ ഒഴിച്ചു; അപ്പോൾ: സംഭവിച്ചുതീൎന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തിൽ നിന്നു വന്നു. 18 മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല. 19 മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയിൽ ഓൎത്തു. 20 സകലദ്വീപും ഓടിപ്പോയി; മലകൾ കാണ്മാനില്ലാതെയായി. 21 താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മമഴ ആകാശത്തു നിന്നു മനുഷ്യരുടെ മേൽ പെയ്തു; കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യർ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.

< വെളിപാട് 16 >