< ഇയ്യോബ് 15 >

1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 ജ്ഞാനിയായവൻ വ്യൎത്ഥജ്ഞാനം പ്രസ്താവിക്കുമോ? അവൻ കിഴക്കൻ കാറ്റുകൊണ്ടു വയറുനിറെക്കുമോ? 3 അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തൎക്കിക്കുമോ? 4 നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു. 5 നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവു നീ തിരഞ്ഞെടുത്തിരിക്കുന്നു. 6 ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങൾ തന്നേ നിന്റെ നേരെ സാക്ഷീകരിക്കുന്നു. 7 നീയോ ആദ്യം ജനിച്ച മനുഷ്യൻ? ഗിരികൾക്കും മുമ്പെ നീ പിറന്നുവോ? 8 നീ ദൈവത്തിന്റെ മന്ത്രിസഭയിൽ കൂടീട്ടുണ്ടോ? ജ്ഞാനത്തെ നീ കുത്തക പിടിച്ചിരിക്കുന്നുവോ? 9 ഞങ്ങൾ അറിയാത്തതായി നീ എന്തു അറിയുന്നു? ഞങ്ങൾക്കു വശം ഇല്ലാത്തതായി എന്തൊന്നു നീ ഗ്രഹിച്ചിരിക്കുന്നു? 10 ഞങ്ങളുടെ ഇടയിൽ നരെച്ചവരും വൃദ്ധന്മാരും ഉണ്ടു; നിന്റെ അപ്പനെക്കാൾ പ്രായം ചെന്നവർ തന്നേ. 11 ദൈവത്തിന്റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ? 12 നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്തു? നീ കണ്ണു ഉരുട്ടുന്നതെന്തു? 13 നീ ദൈവത്തിന്റെ നേരെ ചീറുകയും നിന്റെ വായിൽനിന്നു മൊഴികളെ പുറപ്പെടുവിക്കയും ചെയ്യുന്നു. 14 മൎത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ? 15 തന്റെ വിശുദ്ധന്മാരിലും അവന്നു വിശ്വാസമില്ലല്ലോ; സ്വൎഗ്ഗവും തൃക്കണ്ണിന്നു നിൎമ്മലമല്ല. 16 പിന്നെ മ്ലേച്ഛതയും വഷളത്വവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ? 17 ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊൾക; ഞാൻ കണ്ടിട്ടുള്ളതു വിവരിച്ചുപറയാം. 18 ജ്ഞാനികൾ തങ്ങളുടെ പിതാക്കന്മാരോടു കേൾക്കയും മറെച്ചുവെക്കാതെ അറിയിക്കയും ചെയ്തതു തന്നേ. 19 അവൎക്കുമാത്രമല്ലോ ദേശം നല്കിയിരുന്നതു; അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല. 20 ദുഷ്ടൻ ജീവപൎയ്യന്തം അതിവേദനയോടെ ഇരിക്കുന്നു; നിഷ്ഠൂരന്നു വെച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നേ. 21 ഘോരനാദം അവന്റെ ചെവിയിൽ മുഴങ്ങുന്നു; സുഖമായിരിക്കയിൽ കവൎച്ചക്കാരൻ അവന്റെ നേരെ വരുന്നു. 22 അന്ധകാരത്തിൽനിന്നു മടങ്ങിവരുമെന്നു അവൻ വിശ്വസിക്കുന്നില്ല; അവൻ വാളിന്നിരയായി നിയമിക്കപ്പെട്ടിരിക്കുന്നു. 23 അവൻ അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും? അനൎത്ഥദിവസം തനിക്കു അടുത്തിരിക്കുന്നു എന്നു അവൻ അറിയുന്നു. 24 കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു; പടെക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു. 25 അവൻ ദൈവത്തിന്നു വിരോധമായി കൈ നീട്ടി, സൎവ്വശക്തനോടു ധിക്കാരം കാട്ടിയതുകൊണ്ടു തന്നേ. 26 തന്റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ അവൻ ശാഠ്യംകാണിച്ചു അവന്റെ നേരെ പാഞ്ഞുചെല്ലുന്നു. 27 അവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ടു മൂടുന്നു; തന്റെ കടിപ്രദേശത്തു കൊഴുപ്പു കൂട്ടുന്നു. 28 അവൻ ശൂന്യനഗരങ്ങളിലും ആരും പാൎക്കാതെ കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാൎക്കുന്നു. 29 അവൻ ധനവാനാകയില്ല; അവന്റെ സമ്പത്തു നിലനില്ക്കയില്ല; അവരുടെ വിളവു നിലത്തേക്കു കുലെച്ചുമറികയുമില്ല. 30 ഇരുളിൽനിന്നു അവൻ തെറ്റിപ്പോകയില്ല; അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും; തിരുവായിലെ ശ്വാസംകൊണ്ടു അവൻ കെട്ടുപോകും. 31 അവൻ വ്യാജത്തിൽ ആശ്രയിക്കരുതു; അതു സ്വയവഞ്ചനയത്രേ; അവന്റെ പ്രതിഫലം വ്യാജം തന്നേ ആയിരിക്കും. 32 അവന്റെ ദിവസം വരുംമുമ്പെ അതു നിവൃത്തിയാകും; അവന്റെ പനമ്പട്ട പച്ചയായിരിക്കയില്ല. 33 മുന്തിരിവള്ളിപോലെ അവൻ പിഞ്ചു ഉതിൎക്കും; ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും. 34 വഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങൾ തീക്കിരയാകും. 35 അവർ കഷ്ടത്തെ ഗൎഭം ധരിച്ചു അനൎത്ഥത്തെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉരുവാക്കുന്നു.

< ഇയ്യോബ് 15 >