< യിരെമ്യാവു 14 >

1 വരൾച്ചയെക്കുറിച്ചു യിരെമ്യാവിന്നുണ്ടായ യഹോവയുടെ വചനം. 2 യെഹൂദാ ദുഃഖിക്കുന്നു; അതിന്റെ പടിവാതില്ക്കൽ ഇരിക്കുന്നവൻ ക്ഷീണിച്ചിരിക്കുന്നു; അവർ കറുപ്പുടുത്തു നിലത്തിരിക്കുന്നു; യെരൂശലേമിന്റെ നിലവിളി പൊങ്ങുന്നു. 3 അവരുടെ കുലീനന്മാർ അടിയാരെ വെള്ളത്തിന്നു അയക്കുന്നു; അവർ കുളങ്ങളുടെ അടുക്കൽ ചെന്നിട്ടു വെള്ളം കാണാതെ വെറുമ്പാത്രങ്ങളോടെ മടങ്ങി വരുന്നു; അവർ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു. 4 ദേശത്തു മഴയില്ലായ്കയാൽ നിലം ഉണങ്ങി വിണ്ടിരിക്കുന്നു; ഉഴവുകാർ ലജ്ജിച്ചു തല മൂടുന്നു. 5 മാൻപേട വയലിൽ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു. 6 കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നു കൊണ്ടു കുറുനരികളെപ്പോലെ കിഴെക്കുന്നു; സസ്യങ്ങൾ ഇല്ലായ്കകൊണ്ടു അതിന്റെ കണ്ണു മങ്ങിപ്പോകുന്നു. 7 യഹോവ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ നിന്റെ നാമംനിമിത്തം പ്രവൎത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങൾ വളരെയാകുന്നു; ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കുന്നു. 8 യിസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്തു അവന്റെ രക്ഷിതാവും ആയുള്ളോവേ, നീ ദേശത്തു പരദേശിയെപ്പോലെയും ഒരു രാപാൎപ്പാൻ മാത്രം കൂടാരം അടിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്തു? 9 ഭ്രമിച്ചുപോയ പുരുഷനെപ്പോലെയും രക്ഷിപ്പാൻ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്തു? എന്നാലും യഹോവേ, നീ ഞങ്ങളുടെ മദ്ധ്യേ ഉണ്ടു; നിന്റെ നാമം ഞങ്ങൾക്കു വിളിച്ചിരിക്കുന്നു; ഞങ്ങളെ ഉപേക്ഷിക്കരുതേ. 10 അവർ ഇങ്ങനെ ഉഴന്നു നടപ്പാൻ ഇഷ്ടപ്പെട്ടു, കാൽ അടക്കിവെച്ചതുമില്ല എന്നു യഹോവ ഈ ജനത്തെക്കുറിച്ചു അരുളിച്ചെയ്യുന്നു; അതുകൊണ്ടു യഹോവെക്കു അവരിൽ പ്രസാദമില്ല; അവൻ ഇപ്പോൾ തന്നെ അവരുടെ അകൃത്യത്തെ ഓൎത്തു അവരുടെ പാപങ്ങളെ സന്ദൎശിക്കും. 11 യഹോവ എന്നോടു: നീ ഈ ജനത്തിന്നുവേണ്ടി അവരുടെ നന്മെക്കായി പ്രാൎത്ഥിക്കരുതു; 12 അവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ നിലവിളി കേൾക്കയില്ല; അവർ ഹോമയാഗവും ഭോജനയാഗവും അൎപ്പിക്കുമ്പോൾ ഞാൻ അവയിൽ പ്രസാദിക്കയില്ല; ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും എന്നു അരുളിച്ചെയ്തു. 13 അതിന്നു ഞാൻ: അയ്യോ, യഹോവയായ കൎത്താവേ, നിങ്ങൾ വാൾ കാണുകയില്ല, നിങ്ങൾക്കു ക്ഷാമം ഉണ്ടാകയില്ല, ഞാൻ ഈ സ്ഥലത്തു സ്ഥിരമായുള്ള സമാധാനം നിങ്ങൾക്കു നല്കും എന്നു പ്രവാചകന്മാർ അവരോടു പറയുന്നു എന്നു പറഞ്ഞു. 14 യഹോവ എന്നോടു അരുളിച്ചെയ്തതു: പ്രവാചകന്മാർ എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദൎശനവും പ്രശ്നവാക്യവും ഇല്ലാത്ത കാൎയ്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു. 15 അതുകൊണ്ടു യഹോവ: ഞാൻ അയക്കാതെ എന്റെ നാമത്തിൽ പ്രവചിക്കയും ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകയില്ല എന്നു പറകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: വാൾകൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാർ മുടിഞ്ഞുപോകും; 16 അവരുടെ പ്രവചനം കേട്ട ജനമോ യെരൂശലേമിന്റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായിട്ടു വീണുകിടക്കും; അവരെയും അവരുടെ ഭാൎയ്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാൻ ആരും ഉണ്ടാകയില്ല; ഇങ്ങനെ ഞാൻ അവരുടെ ദുഷ്ടത അവരുടെമേൽ പകരും. 17 നീ ഈ വചനം അവരോടു പറയേണം: എന്റെ കണ്ണിൽനിന്നു രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ; എന്റെ ജനത്തിന്റെ പുത്രിയായ കന്യക കഠിനമായി തകൎന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു. 18 വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു പട്ടുപോയവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവർ പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങൾ അറിയാത്ത ദേശത്തു അലഞ്ഞുനടക്കുന്നു. 19 നീ യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്കു സീയോനോടു വെറുപ്പു തോന്നുന്നുവോ? പൊറുപ്പാകാതവണ്ണം നീ ഞങ്ങളെ മുറിവേല്പിച്ചതെന്തിന്നു? ഞങ്ങൾ സമാധാനത്തിന്നായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി! 20 യഹോവേ ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കുന്നു. 21 നിന്റെ നാമം നിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; നിന്റെ മഹത്വമുള്ള സിംഹാസനത്തിന്നു ഹീനത വരുത്തരുതേ; ഓൎക്കേണമേ, ഞങ്ങളോടുള്ള നിന്റെ നിയമത്തിന്നു ഭംഗം വരുത്തരുതേ. 22 ജാതികളുടെ മിത്ഥ്യാമൂൎത്തികളിൽ മഴ പെയ്യിക്കുന്നവർ ഉണ്ടോ? അല്ല, ആകാശമോ വൎഷം നല്കുന്നതു? ഞങ്ങളുടെ ദൈവമായ യഹോവേ, അതു നീ തന്നേ അല്ലയോ? നിനക്കായി ഞങ്ങൾ കാത്തിരിക്കുന്നു; ഇവയെ ഒക്കെയും സൃഷ്ടിച്ചിരിക്കുന്നതു നീയല്ലോ.

< യിരെമ്യാവു 14 >