< ഉത്തമഗീതം 8 >

1 എന്റെ അമ്മ മുലയൂട്ടിവളർത്തിയ ഒരു സഹോദരൻ ആയിരുന്നു നീ എങ്കിൽ! ഞാൻ നിന്നെ വെളിയിൽ കാണുമ്പോൾ, എനിക്കു നിന്നെ ചുംബിക്കാമായിരുന്നു, ആരും എന്നെ നിന്ദിക്കുമായിരുന്നില്ല. 2 ഞാൻ നിന്നെ എന്റെ മാതൃഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു— എനിക്കു പരിശീലനംതന്നവളുടെ ചാരത്തേക്കുതന്നെ. സുഗന്ധരസംചേർത്ത വീഞ്ഞും മാതളപ്പഴച്ചാറും ഞാൻ നിനക്ക് പാനംചെയ്യാൻ നൽകുമായിരുന്നു. 3 അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു, അവന്റെ വലതുകരം എന്നെ പുണരുന്നു. 4 ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക: അനുയോജ്യസമയം വരുംവരെ പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്. 5 തന്റെ പ്രിയന്റെമേൽ ചാരി, മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവളാരാണ്? യുവതി നിന്റെ അമ്മ നിന്നെ ഗർഭംധരിച്ച, അതേ ആപ്പിൾമരച്ചുവട്ടിൽവെച്ചുതന്നെ ഞാൻ നിന്നെ ഉണർത്തി; അവിടെത്തന്നെയാണല്ലോ പ്രസവവേദനയേറ്റ് അവൾ നിനക്കു ജന്മംനൽകിയത്. 6 നിന്റെ ഹൃദയത്തിന്മേൽ എന്നെ ഒരു മുദ്രയായണിയൂ, നിന്റെ ഭുജത്തിലെ മുദ്രപോലെതന്നെ; കാരണം പ്രേമം മരണംപോലെതന്നെ ശക്തവും അതിന്റെ തീവ്രത ശവക്കുഴിപോലെതന്നെ കഠിനവുമാകുന്നു. ജ്വലിക്കുന്ന അഗ്നിപോലെ അത് എരിയുന്നു, ഉഗ്രമായ അഗ്നിനാളംപോലെതന്നെ. (Sheol h7585) 7 പ്രേമാഗ്നി അണയ്ക്കാൻ ഒരു പ്രളയത്താലും കഴിയില്ല; നദികൾക്കതിനെ ഒഴുക്കിക്കളയുന്നതിനും കഴിയില്ല. ഒരാൾ സ്വഭവനത്തിലെ സർവസമ്പത്തും പ്രേമസാക്ഷാത്കാരത്തിനായി നൽകിയാലും ആ വാഗ്ദാനവും അപഹാസ്യമാകുകയേയുള്ളൂ. 8 ഞങ്ങൾക്കൊരു കുഞ്ഞുപെങ്ങളുണ്ട്, അവളുടെ സ്തനങ്ങൾ ഇനിയും വളർന്നിട്ടില്ല നമ്മുടെ പെങ്ങൾക്കു വിവാഹാലോചനവരുമ്പോൾ അവൾക്കുവേണ്ടി നമുക്കെന്തുചെയ്യാൻ കഴിയും? 9 അവൾ ഒരു മതിലാകുന്നെങ്കിൽ, നാം അവൾക്കുമേൽ വെള്ളികൊണ്ടൊരു ഗോപുരം പണിതുയർത്തും അവൾ ഒരു വാതിലാകുന്നെങ്കിൽ, ദേവദാരു പലകകൾകൊണ്ട് അവൾക്കുചുറ്റും സംരക്ഷണംതീർക്കും. 10 ഞാൻ ഒരു മതിലാകുന്നു, എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും. അങ്ങനെ ഞാൻ അവന്റെ മിഴികൾക്ക് ഒരുത്സവമായി. 11 ശലോമോന് ബാൽ-ഹാമോനിൽ ഒരു മുന്തിരിത്തോപ്പുണ്ടായിരുന്നു; അദ്ദേഹം തന്റെ മുന്തിരിത്തോപ്പ് പാട്ടക്കർഷകരെ ഏൽപ്പിച്ചു. അതിന്റെ ആദായവിഹിതമായി ഓരോരുത്തരും ആയിരം വെള്ളിനാണയങ്ങൾ വീതം പാട്ടം കെട്ടേണ്ടതായിട്ടുണ്ട്. 12 എന്നാൽ ഇത് എന്റെ സ്വന്തം മുന്തിരിത്തോപ്പ്; ശലോമോനേ, ആയിരം നിന്റേത്, തോട്ടം കാക്കുന്നവർക്ക് ഇരുനൂറും. 13 പരിചാരികമാരായ തോഴിമാരോടൊപ്പം ഉദ്യാനങ്ങളിൽ വസിക്കുന്നവളേ, ഞാൻ നിന്റെ സ്വരം കേൾക്കട്ടെ! 14 എന്റെ പ്രിയാ, നീ ഓടിപ്പോന്നാലും, ഒരു ചെറു കലമാനിനെപ്പോലെ പരിമളപർവതമേടുകളിലെ മാൻകിടാവിനെപ്പോലെതന്നെ.

< ഉത്തമഗീതം 8 >