< ലൂക്കോസ് 11 >

1 യേശു ഒരിക്കൽ ഒരു സ്ഥലത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. പ്രാർഥന കഴിഞ്ഞപ്പോൾ യേശുവിന്റെ ശിഷ്യന്മാരിൽ ഒരാൾ അദ്ദേഹത്തോട്, “കർത്താവേ, യോഹന്നാൻസ്നാപകൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർഥിക്കാൻ പഠിപ്പിക്കണമേ” എന്നു പറഞ്ഞു.
ഒരിക്കൽ യേശു ഒരു സ്ഥലത്ത് പ്രാർത്ഥിക്കുകയായിരുന്നു; പ്രാർത്ഥന തീർന്നശേഷം ശിഷ്യന്മാരിൽ ഒരാൾ അവനോട്: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.
2 യേശു അവരോടു പറഞ്ഞത്, “നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: “‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, തിരുനാമം ആദരിക്കപ്പെടട്ടെ, അവിടത്തെ രാജ്യം വരുമാറാകട്ടെ, തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.
അവൻ അവരോട് പറഞ്ഞത്: നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുക: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
3 അനുദിനാഹാരം ഞങ്ങൾക്ക് എന്നും നൽകണമേ.
ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഓരോ ദിവസവും തരേണമേ.
4 ഞങ്ങളോടു പാപംചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ, ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ. ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.’”
ഞങ്ങളോട് പാപം ചെയ്ത എല്ലാവരോടും ഞങ്ങളും ക്ഷമിക്കുന്നതിനാൽ ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിലേക്ക് നയിക്കരുതേ; ദുഷ്ടങ്കൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.
5 തുടർന്ന് യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക് ഒരു സ്നേഹിതൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ അർധരാത്രിയിൽ സ്നേഹിതന്റെ അടുക്കൽ ചെന്ന് ‘സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരണമേ,
പിന്നെ അവൻ അവരോട് പറഞ്ഞത്: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ട് എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്ക് അവന്റെ അടുക്കൽ ചെന്ന്: സ്നേഹിതാ, എനിക്ക് മൂന്ന് അപ്പം കടം തരേണം;
6 എന്റെ ഒരു സുഹൃത്ത് വഴിയാത്രയിൽ എന്റെ അടുക്കൽ വന്നിരിക്കുന്നു; അവനു വിളമ്പിക്കൊടുക്കാൻ എന്റെ കൈയിൽ ഒന്നുമില്ല’ എന്നു പറഞ്ഞു.
എന്റെ ഒരു സ്നേഹിതൻ തന്റെ യാത്രാമദ്ധ്യേ എന്റെ അടുക്കൽ വന്നു; അവന് കൊടുക്കുവാൻ എന്റെ പക്കൽ ഒന്നും ഇല്ല എന്നു അവനോട് പറഞ്ഞു എന്ന് വിചാരിക്കുക:
7 അപ്പോൾ അയാൾ കിടപ്പറയിൽനിന്നുതന്നെ, ‘എന്നെ ബുദ്ധിമുട്ടിക്കരുത്; വാതിൽ അടച്ചുപോയി. കുഞ്ഞുങ്ങളും എന്നോടൊപ്പം കിടക്കുന്നു. എഴുന്നേറ്റ് എന്തെങ്കിലും എടുത്തുതരാൻ എനിക്കിപ്പോൾ സാധ്യമല്ല’ എന്നു പറഞ്ഞു.
അപ്പോൾ സ്നേഹിതൻ അകത്തുനിന്ന്, എന്നെ പ്രയാസപ്പെടുത്തരുത്; കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്റെ കൂടെ കിടക്കുന്നു; എഴുന്നേറ്റ് തരുവാൻ എനിക്ക് കഴിയുകയില്ല എന്നു അകത്തുനിന്ന് ഉത്തരം പറഞ്ഞു എന്നു കരുതുക
8 എന്നാൽ, ഞാൻ നിങ്ങളോടു പറയട്ടെ, അയാൾ എഴുന്നേറ്റ് സുഹൃത്തിന് ആവശ്യമുള്ളേടത്തോളം അപ്പം കൊടുക്കുന്നത് സൗഹൃദം നിമിത്തമായിരിക്കുകയില്ല, മറിച്ച് അയാൾ ലജ്ജയില്ലാതെ നിർബന്ധിച്ചതുകൊണ്ടായിരിക്കും.
അവൻ സ്നേഹിതനാകയാൽ എഴുന്നേറ്റ് അവന് കൊടുക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും, അവൻ ലജ്ജകൂടാതെ വീണ്ടുംവീണ്ടും ചോദിക്കുന്നത് കൊണ്ട് എഴുന്നേറ്റ് അവന് ആവശ്യം ഉള്ളത് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
9 “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും.
യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്ക് തുറക്കും.
10 അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.
൧൦യാചിക്കുന്നവനു ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
11 “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് അവന് കല്ലു കൊടുക്കുക? അല്ലാ, മകൻ മീൻ ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് പാമ്പിനെ നൽകുന്നത്?
൧൧എന്നാൽ നിങ്ങളിൽ ഒരു അപ്പനോട് മകൻ അപ്പം ചോദിച്ചാൽ അവന് കല്ല് കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിനു പകരം പാമ്പിനെ കൊടുക്കുമോ?
12 അല്ലാ, മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്?
൧൨മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?
13 മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികമായി നൽകും!”
൧൩അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
14 പിന്നീടൊരിക്കൽ യേശു ഊമയായ ഒരു മനുഷ്യനിൽനിന്ന് ഭൂതത്തെ പുറത്താക്കി. ഭൂതം അവനിൽനിന്ന് പുറത്തുവന്നപ്പോൾ അയാൾക്ക് സംസാരിക്കാൻ കഴിഞ്ഞു; ജനസഞ്ചയം ആശ്ചര്യഭരിതരായി.
൧൪ഒരിക്കൽ യേശു ഊമനായ ഒരാളിൽ നിന്നു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു.
15 എന്നാൽ അവരിൽ ചിലർ, “ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണ് ഇദ്ദേഹം ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു.
൧൫അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നത് എന്നു പറഞ്ഞു.
16 മറ്റുചിലർ അദ്ദേഹത്തെ പരീക്ഷിക്കുന്നതിനായി, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിക്കണമെന്ന് ആവശ്യപ്പെട്ടു.
൧൬വേറെ ചിലർ അവനെ പരീക്ഷിക്കാനായി ആകാശത്തുനിന്ന് ഒരു അടയാളം അവനോട് ചോദിച്ചു.
17 യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള ഏതുരാജ്യവും നശിച്ചുപോകും; അന്തഃഛിദ്രം ബാധിച്ച ഭവനവും നിപതിച്ചുപോകും.
൧൭പക്ഷേ യേശുവിന് അവരുടെ ചിന്തകൾ അറിയാമായിരുന്നു. അതുകൊണ്ട് അവൻ അവരോട് പറഞ്ഞത്: തന്നിൽതന്നേ ഛിദ്രിച്ചരാജ്യം എല്ലാം നശിച്ചുപോകും; കുടുംബങ്ങളും നശിക്കും.
18 സാത്താൻ സ്വന്തം രാജ്യത്തിനുതന്നെ വിരോധമായി പ്രവർത്തിച്ചാൽ അവന്റെ രാജ്യം നിലനിൽക്കുമോ? ഞാൻ ബേൽസെബൂലിനെക്കൊണ്ടാണ് ഭൂതോച്ചാടനം ചെയ്യുന്നത് എന്നാണല്ലോ നിങ്ങൾ പറയുന്നത്.
൧൮സാത്താനും തന്നോട് തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.
19 ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ബേൽസെബൂലിനെ ഉപയോഗിച്ചാണെങ്കിൽ, നിങ്ങളുടെ അനുയായികൾ അവയെ ഉച്ചാടനം ചെയ്യുന്നത് ആരെക്കൊണ്ടാണ്? അങ്ങനെയെങ്കിൽ, നിങ്ങളുടെ അനുയായികൾതന്നെ നിങ്ങൾക്ക് വിധികർത്താക്കൾ ആയിരിക്കട്ടെ.
൧൯ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ട് പുറത്താക്കുന്നു; അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപതികൾ ആകും.
20 എന്നാൽ, ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ദൈവത്തിന്റെ ശക്തിയാലാണെങ്കിൽ ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നിരിക്കുന്നു, നിശ്ചയം.
൨൦എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു നിശ്ചയം.
21 “ബലിഷ്ഠനായ ഒരു മനുഷ്യൻ ആയുധമേന്തി സ്വന്തം മാളിക കാവൽചെയ്യുമ്പോൾ അയാളുടെ സമ്പത്ത് സുരക്ഷിതമായിരിക്കും.
൨൧ബലവാൻ ആയുധം ധരിച്ചു താൻ താമസിക്കുന്ന വീട് കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.
22 എന്നാൽ, അയാളിലും ശക്തനായ ഒരാൾ വന്ന് ആ ബലിഷ്ഠനായവനെ ആക്രമിച്ചു കീഴടക്കുമ്പോൾ, ആ മനുഷ്യൻ ആശ്രയിച്ചിരുന്ന ആയുധങ്ങൾ അപഹരിക്കുകയും കൊള്ളമുതൽ വീതിച്ചെടുക്കുകയുംചെയ്യുന്നു.
൨൨അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന രക്ഷാകവചം പിടിച്ചുപറിച്ചു അവന്റെ കൊള്ള മുഴുവനും എടുക്കും.
23 “എന്നെ അനുകൂലിക്കാത്തവർ എന്നെ പ്രതിരോധിക്കുന്നു; എന്നോടുകൂടെ ജനത്തെ ചേർക്കാത്തയാൾ വാസ്തവത്തിൽ അവരെ ചിതറിക്കുകയാണ്.
൨൩എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.
24 “ദുരാത്മാവ് ഒരു മനുഷ്യനിൽനിന്ന് പുറത്തുകടന്ന്, വെള്ളമില്ലാത്ത പ്രദേശങ്ങളിൽക്കൂടി ഒരു വിശ്രമസ്ഥാനത്തിനായി അലയുന്നു; കണ്ടെത്തുന്നതുമില്ല. അപ്പോൾ അത്, ‘ഞാൻ ഉപേക്ഷിച്ചുപോന്ന ഭവനത്തിലേക്കുതന്നെ തിരികെച്ചെല്ലും’ എന്നു പറയുന്നു.
൨൪അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോയിട്ട് വെള്ളം ഇല്ലാത്ത പ്രദേശങ്ങളിൽ തണുപ്പ് തിരഞ്ഞുനടക്കുന്നു. കാണാതാകുമ്പോൾ: ഞാൻ വിട്ടുപോന്ന വീട്ടിലേക്ക് മടങ്ങിപ്പോകും എന്നു പറഞ്ഞു ചെല്ലും.
25 അങ്ങനെ ചെല്ലുമ്പോൾ ആ വീട് അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു.
൨൫അപ്പോൾ അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
26 അപ്പോൾ അതു പോയി തന്നെക്കാൾ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളുമായിവന്ന് അവിടെ താമസം ആരംഭിക്കുന്നു. ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ അതിദാരുണമാണ്.”
൨൬അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ട് വരുന്നു; അവയും അതിൽ കടന്നു താമസിച്ചിട്ട് ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി ആദ്യത്തേതിനേക്കാൾ മോശമാകും.
27 യേശു ഈ കാര്യങ്ങൾ പ്രസ്താവിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിനിടയിൽനിന്ന് ഒരു സ്ത്രീ, “അങ്ങയെ ഗർഭത്തിൽ വഹിക്കുകയും മുലയൂട്ടിവളർത്തുകയുംചെയ്ത മാതാവ് അനുഗ്രഹിക്കപ്പെട്ടവൾ” എന്നു വിളിച്ചുപറഞ്ഞു.
൨൭ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോട്: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.
28 അപ്പോൾ യേശു, “ദൈവവചനം കേൾക്കുകയും അവ പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് അനുഗ്രഹിക്കപ്പെട്ടവർ” എന്ന് ഉത്തരം പറഞ്ഞു.
൨൮അതിന് അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ട് പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
29 യേശുവിനുചുറ്റും ജനക്കൂട്ടം തിങ്ങിക്കൂടിക്കൊണ്ടിരുന്നപ്പോൾ, അവിടന്ന് ഇപ്രകാരം അവരോട് പറയാൻ തുടങ്ങി: “ഈ ദുഷ്ടതയുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു. എന്നാൽ യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല.
൨൯പുരുഷാരം വർദ്ധിച്ചു വന്നപ്പോൾ അവൻ പറഞ്ഞു തുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കുകയില്ല.
30 യോനാ നിനവേനിവാസികൾക്ക് ഒരു ചിഹ്നമായിരുന്നതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആയിരിക്കും,
൩൦യോനാ നിനവേക്കാർക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആകും.
31 ന്യായവിധിദിവസത്തിൽ ശേബാ രാജ്ഞിയും ഈ തലമുറയ്ക്കെതിരായി നിലകൊണ്ട് അവരെ ശിക്ഷവിധിക്കും. അവൾ ശലോമോന്റെ ജ്ഞാനം ശ്രവിക്കാനായി വിദൂരത്തുനിന്ന് വന്നല്ലോ; ഇവിടെ ഇതാ ശലോമോനിലും അതിശ്രേഷ്ഠൻ.
൩൧തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറ്റത്തുനിന്ന് വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
32 ന്യായവിധിദിവസം നിനവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ.
൩൨നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ.
33 “ആരും വിളക്കു കൊളുത്തി നിലവറയിലോ പറയുടെ കീഴിലോ വെക്കുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.
൩൩വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോപറയിൻകീഴിലോ വെയ്ക്കാറില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് വിളക്കുകാലിന്മേൽ അത്രേ വെയ്ക്കുന്നത്.
34 കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശപൂരിതമായിരിക്കും. നിന്റെ കണ്ണ് അശുദ്ധമെങ്കിലോ ശരീരം അന്ധകാരമയവുമായിരിക്കും.
൩൪ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണ് നല്ലതാണെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.
35 അതുകൊണ്ട് നിന്നിലുള്ള പ്രകാശം അന്ധകാരമയമായിത്തീരാതിക്കാൻ സൂക്ഷിക്കുക.
൩൫ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.
36 ഇരുളടഞ്ഞ കോണുകളൊന്നും നിന്നിലില്ലാതെ, ശരീരംമുഴുവൻ പ്രകാശപൂരിതമാണെങ്കിൽ, കത്തിജ്വലിക്കുന്ന വിളക്ക് നിനക്കെതിരേ പിടിച്ചാലെന്നപോലെ നീയും പ്രഭാപൂർണനായിരിക്കും.”
൩൬നിന്റെ ശരീരം അന്ധകാരം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ, വിളക്കു അതിന്റെ തിളക്കംകൊണ്ട് നിന്നെ പ്രകാശിപ്പിക്കുംപോലെ ശരീരവും പ്രകാശമുള്ളത് ആയിരിക്കും.
37 യേശുവിന്റെ പ്രഭാഷണം പൂർത്തിയായപ്പോൾ, തന്നോടുകൂടെ ഭക്ഷണം കഴിക്കാൻ ഒരു പരീശൻ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം വീടിനുള്ളിൽ ചെന്നു ഭക്ഷണത്തിനായി ഇരുന്നു.
൩൭അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവനും അകത്ത് കടന്ന് ഭക്ഷണത്തിനിരുന്നു.
38 ഭക്ഷണത്തിനുമുമ്പ് യെഹൂദാപാരമ്പര്യമനുസരിച്ചുള്ള ശുദ്ധിവരുത്താതെ യേശു ഭക്ഷണത്തിനിരുന്നതു കണ്ടു പരീശൻ ആശ്ചര്യപ്പെട്ടു.
൩൮എന്നാൽ യേശു ആഹാരത്തിനു മുമ്പ് കൈകാലുകൾ കഴുകിയില്ല എന്നു കണ്ടിട്ട് പരീശൻ ആശ്ചര്യപ്പെട്ടു.
39 അപ്പോൾ കർത്താവ് ഇങ്ങനെ പ്രതികരിച്ചു: “പരീശന്മാരായ നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു; എന്നാൽ നിങ്ങളുടെ അകമോ അത്യാർത്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
൩൯കർത്താവ് അവനോട്: പരീശന്മാരായ നിങ്ങൾ പാത്രങ്ങളുടെ പുറം വൃത്തിയാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
40 ഭോഷന്മാരേ, പുറം മെനഞ്ഞ ദൈവമല്ലേ അകവും സൃഷ്ടിച്ചത്?
൪൦മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ തന്നെ ആണ് അകവും ഉണ്ടാക്കിയത്?
41 അതുകൊണ്ട് അത്യാർത്തിയിലൂടെ സമ്പാദിച്ചതൊക്കെയും ദരിദ്രർക്കു വിതരണംചെയ്താൽ എല്ലാം വിശുദ്ധമായിത്തീരും.
൪൧അകത്തുള്ളത് ഭിക്ഷയായി കൊടുക്കുവിൻ; എന്നാൽ സകലവും നിങ്ങൾക്ക് ശുദ്ധം ആകും എന്നു പറഞ്ഞു.
42 “പരീശന്മാരായ നിങ്ങൾക്കു ഹാ കഷ്ടം; പുതിന, ബ്രഹ്മി തുടങ്ങി എല്ലാവിധ ഉദ്യാനസസ്യങ്ങളിൽനിന്നും ലഭിക്കുന്ന നിസ്സാര വരുമാനത്തിൽനിന്നുപോലും നിങ്ങൾ ദശാംശം നൽകുന്നു; എന്നാൽ നീതിയും ദൈവസ്നേഹവും നിങ്ങൾ അവഗണിച്ചിരിക്കുന്നു. പ്രാധാന്യമേറിയവ പാലിക്കുകയും പ്രാധാന്യം കുറഞ്ഞവ അവഗണിക്കാതിരിക്കുകയുമാണ് വേണ്ടിയിരുന്നത്.
൪൨പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലുംഎല്ലാ ഇല ചെടികളിലും ദശാംശം കൊടുക്കുകയും ന്യായവും ദൈവസ്നേഹവും വിട്ടുകളയുകയും ചെയ്യുന്നു; നിങ്ങൾ ദൈവത്തെ സ്നേഹിക്കുകയും ന്യായം ചെയ്കയും അതോടൊപ്പം തന്നെ മറ്റ് കാര്യങ്ങളും ചെയ്യണം.
43 “പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങൾ ആഗ്രഹിക്കുന്നു. ചന്തസ്ഥലങ്ങളിൽ മനുഷ്യർ നിങ്ങളെ അഭിവാദനംചെയ്യുന്നതും ഇഷ്ടപ്പെടുന്നു.
൪൩പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് പള്ളിയിൽ പ്രധാന സ്ഥാനവും പൊതുസ്ഥലങ്ങളിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്ക് അയ്യോ കഷ്ടം;
44 “നിങ്ങൾക്കു ഹാ കഷ്ടം! മറഞ്ഞുകിടക്കുന്ന ശവക്കല്ലറകൾപോലെയാണ് നിങ്ങൾ; എന്നാൽ, അവയ്ക്കുള്ളിലെ ജീർണത ഗ്രഹിക്കാതെ മനുഷ്യർ അവയുടെമീതേ നടക്കുന്നു.”
൪൪നിങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവ ഇന്നവയെന്നറിയാതെ മീതെ നടക്കുന്നവരെപ്പോലെയാകുന്നു നിങ്ങൾ.
45 ഒരു നിയമജ്ഞൻ യേശുവിനോട്, “ഗുരോ, അങ്ങ് ഈ കാര്യങ്ങൾ പറയുമ്പോൾ, ഞങ്ങളെയും ആക്ഷേപിക്കുകയാണ്” എന്നു പറഞ്ഞു.
൪൫ന്യായശാസ്ത്രിമാരിൽ ഒരുവൻ അവനോട്: ഗുരോ, പരീശരെ പറ്റി ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.
46 അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “നിയമജ്ഞരായ നിങ്ങൾക്കും ഹാ കഷ്ടം! നിങ്ങൾ വളരെ ഭാരമുള്ള ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; എന്നാൽ ഒരു വിരൽകൊണ്ടുപോലും സ്പർശിച്ച് ആ ഭാരം ലഘൂകരിക്കാനുള്ള സന്മനസ്സ് നിങ്ങൾക്കില്ല.
൪൬അതിന് അവൻ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുക്കുവാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ട് എടുപ്പിക്കുന്നു; എന്നാൽ നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
47 “നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങളുടെ പിതാക്കന്മാർ വധിച്ച പ്രവാചകന്മാർക്കുവേണ്ടി നിങ്ങൾ ശവകുടീരങ്ങൾ പണിയുന്നു.
൪൭നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു.
48 അങ്ങനെ നിങ്ങളുടെ പൂർവികരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷ്യംവഹിക്കുന്നു; അവയെ അംഗീകരിക്കുകയുംചെയ്യുന്നു. കാരണം, നിങ്ങളുടെ പൂർവികർ പ്രവാചകന്മാരെ വധിക്കുന്നു; നിങ്ങൾ പ്രവാചകന്മാരുടെ ശവകുടീരങ്ങൾ പണിയുന്നു.
൪൮അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കുകയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു.
49 ഇതുനിമിത്തം ദൈവം തന്റെ ജ്ഞാനത്തിൽ അരുളിച്ചെയ്തു: ‘ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുത്തേക്കയയ്ക്കും; ചിലരെ അവർ വധിക്കും, ചിലരെ അവർ പീഡിപ്പിക്കും.’
൪൯അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനവും പറയുന്നത്: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യും.
50 ആകയാൽ ഹാബേലിന്റെ രക്തംമുതൽ യാഗപീഠത്തിനും ആലയത്തിനും മധ്യേവെച്ചു കൊല്ലപ്പെട്ട സെഖര്യാവിന്റെ രക്തംവരെ,
൫൦ഹാബെലിന്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവിൽവച്ച് കൊല്ലപ്പെട്ട സെഖര്യാവിന്റെരക്തംവരെ
51 ലോകാരംഭംമുതൽ ചിന്തപ്പെട്ടിട്ടുള്ള സകലപ്രവാചകരക്തത്തിനും ഈ തലമുറ ഉത്തരം പറയേണ്ടിവരും. ഈ തലമുറ അതിനെല്ലാം ഉത്തരവാദി ആയിരിക്കും, നിശ്ചയം.
൫൧ലോകസ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകലപ്രവാചകന്മാരുടെയും രക്തം ഈ തലമുറയോട് ചോദിപ്പാൻ ഇടവരേണ്ടതിനുതന്നെ. അതേ, ഈ തലമുറയോട് അത് ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
52 “നിയമജ്ഞരേ, നിങ്ങൾക്കു ഹാ കഷ്ടം! ജ്ഞാനത്തിന്റെ താക്കോൽ നിങ്ങൾ മനുഷ്യരിൽനിന്ന് മറച്ചുവെച്ചിരിക്കുന്നു! നിങ്ങൾ പ്രവേശിക്കുന്നില്ലെന്നുമാത്രമല്ല; പ്രവേശിക്കുന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തിരിക്കുന്നു.”
൫൨ന്യായശാസ്ത്രിമാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദൈവികജ്ഞാനം മറ്റുള്ളവർ അറിയാതിരിക്കാൻ ശ്രമിച്ചു. അത് ഒരു ഭവനത്തിന്റെ താ‍ക്കോൽ മറച്ചുവയ്ക്കുന്നതിനു തുല്യം ആണ്; നിങ്ങൾ അതിൽ കടന്നില്ല; കടക്കുന്നവരെ തടയുകയും ചെയ്തു.
53 യേശു ആ വീടുവിട്ടിറങ്ങിയപ്പോൾ പരീശന്മാരും വേദജ്ഞരും അദ്ദേഹത്തെ ഘോരഘോരം എതിർക്കാനും വാക്കിൽ കുടുക്കാനായി പലതിനെയുംകുറിച്ചു ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി.
൫൩അവൻ അവിടംവിട്ട് പോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും
൫൪അവനോട് എതിർക്കുവാനും തർക്കിക്കുവാനും തുടങ്ങി. യേശു പറയുന്ന ഉത്തരങ്ങളിൽ നിന്നു അവനെ കുടുക്കുവാനായി പല കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.

< ലൂക്കോസ് 11 >