< യെശയ്യാവ് 35 >

1 മരുഭൂമിയും വരണ്ടുണങ്ങിയ നിലവും ആഹ്ലാദിക്കും; മരുഭൂമി ആനന്ദിച്ചു പുഷ്പിണിയാകും. കുങ്കുമച്ചെടിപോലെ 2 അത് പൊട്ടിവിടരും; ആനന്ദത്തോടും പാട്ടോടുംകൂടി അത് ഉല്ലസിക്കും. ലെബാനോന്റെ മഹത്ത്വം അതിനു ലഭിക്കും, കർമേലിന്റെയും ശാരോന്റെയും ശോഭയുംതന്നെ, അവർ യഹോവയുടെ തേജസ്സും നമ്മുടെ ദൈവത്തിന്റെ പ്രതാപവും ദർശിക്കും. 3 തളർന്ന കൈകൾ ശക്തിപ്പെടുത്തുക, കുഴഞ്ഞ കാൽമുട്ടുകൾ നേരേയാക്കുക; 4 ഹൃദയത്തിൽ ഭയമുള്ളവരോട്: “ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ട, നിങ്ങളുടെ ദൈവം വരും, പ്രതികാരവുമായി അവിടന്ന് വരും; പാരിതോഷികം അവിടത്തെ പക്കൽ ഉണ്ട്, അവിടന്നു നിങ്ങളെ രക്ഷിക്കുന്നതിനായി വരും” എന്നു പറയുക. 5 അന്ന് അന്ധരുടെ കണ്ണുകൾ തുറക്കും, ചെകിടരുടെ കാതുകൾ അടഞ്ഞിരിക്കുകയുമില്ല. 6 മുടന്തർ അന്നു മാനിനെപ്പോലെ കുതിച്ചുചാടും, ഊമരുടെ നാവ് ആനന്ദത്താൽ ആർപ്പിടും. മരുഭൂമിയിൽ വെള്ളവും വരണ്ടുണങ്ങിയ നിലത്ത് അരുവികളും പൊട്ടിപ്പുറപ്പെടും. 7 വരണ്ടപ്രദേശം ജലാശയമായും ദാഹാർത്തമായ ഭൂമി നീരുറവകളായും തീരും. ഒരിക്കൽ കുറുനരികളുടെ വാസസ്ഥലം ആയിരുന്നിടത്ത്, പുല്ലും ഓടപ്പുല്ലും ഞാങ്ങണയും വളരും. 8 അവിടെ ഒരു രാജവീഥി ഉണ്ടാകും; അത് പരിശുദ്ധിയുടെ പാത എന്നു വിളിക്കപ്പെടും; തെരഞ്ഞെടുക്കപ്പെട്ടവർക്കുമാത്രമാണ് ആ രാജവീഥി. അശുദ്ധർ അതിൽ യാത്രചെയ്യുകയില്ല; ദുഷ്ടരായ ഭോഷർ ആ വഴി വരുകയേയില്ല. 9 അവിടെ ഒരു സിംഹവും ഉണ്ടാകുകയില്ല; ഒരു ഹിംസ്രമൃഗവും അവിടെ സഞ്ചരിക്കുകയില്ല; ആ വകയൊന്നും അവിടെ കാണുകയില്ല. വീണ്ടെടുക്കപ്പെട്ടവർമാത്രം അതിൽ സഞ്ചരിക്കും, 10 യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും. സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും; നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും. ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും, ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും.

< യെശയ്യാവ് 35 >