< ആമോസ് 6 >

1 സീയോനിൽ നിർവിചാരികളായിരിക്കുന്നവർക്കും ശമര്യാപർവതത്തിൽ നിർഭയരായിരിക്കുന്നവർക്കും യെഹൂദേതരരിൽ പ്രധാനികളായി ഇസ്രായേൽജനം അന്വേഷിക്കുന്ന ശ്രേഷ്ഠന്മാർക്കും ഹാ കഷ്ടം! 2 കൽനെയിൽച്ചെന്ന് അതിനെ നോക്കുക; അവിടെനിന്നു മഹാനഗരമായ ഹമാത്തിലേക്കു പോകുക; അവിടെനിന്നു ഫെലിസ്ത്യരുടെ ഗത്തിലേക്കും പോകുക. ഇവർ നിങ്ങളുടെ രണ്ടു രാജ്യങ്ങളെക്കാൾ നന്നായിരിക്കുന്നോ? അവരുടെ ദേശം നിങ്ങളുടേതിനെക്കാൾ വിശാലമോ? 3 നിങ്ങൾ ദുർദിനം നീട്ടിവെക്കുന്നു, ഭീകരവാഴ്ചയെ സമീപസ്ഥമാക്കുന്നു. 4 ദന്താലംകൃതമായ കട്ടിലുകളിൽ നിങ്ങൾ കിടക്കുന്നു ചാരുകട്ടിലുകളിൽ ചാരിക്കിടക്കുകയും ചെയ്യുന്നു. കുഞ്ഞാടുകളെയും തടിപ്പിച്ച കാളക്കിടാങ്ങളെയും നിങ്ങൾ ഭക്ഷിക്കുന്നു. 5 നിങ്ങൾ ദാവീദിനെപ്പോലെ കിന്നരങ്ങൾ ഉപയോഗിക്കുന്നു; സംഗീതോപകരണങ്ങൾ യാതൊരു മുന്നൊരുക്കവുമില്ലാതെ മീട്ടുന്നു. 6 നിങ്ങൾ ചഷകങ്ങൾ നിറയെ വീഞ്ഞു കുടിക്കുന്നു വിശേഷതൈലങ്ങൾ തേക്കുകയും ചെയ്യുന്നു. എന്നാൽ, യോസേഫിന്റെ നഷ്ടാവശിഷ്ടങ്ങളിൽ നിങ്ങൾ ദുഃഖിക്കുന്നില്ല. 7 അതുകൊണ്ടു, നിങ്ങൾ ആദ്യം പ്രവാസത്തിലേക്കു പോകേണ്ടിവരും; നിങ്ങളുടെ വിരുന്നും സുഖശയനവും അവസാനിക്കും. 8 യഹോവയായ കർത്താവു തന്നെക്കൊണ്ടുതന്നെ ശപഥംചെയ്യുന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു: “ഞാൻ യാക്കോബിന്റെ നിഗളത്തെ വെറുക്കുന്നു; അവന്റെ കോട്ടകളിൽ എനിക്കു പ്രിയമില്ല, ഞാൻ പട്ടണത്തെയും അതിലുള്ള സകലത്തെയും ഏൽപ്പിച്ചുകൊടുക്കും.” 9 ഒരു വീട്ടിൽ പത്തു പുരുഷന്മാർ ശേഷിച്ചിരുന്നാൽ അവരും മരിച്ചുപോകും. 10 മൃതശരീരങ്ങളെ ദഹിപ്പിക്കേണ്ടതിനു വീട്ടിൽനിന്ന് പുറത്തുകൊണ്ടുപോകാൻ അവരുടെ ഒരു ബന്ധു വന്നു, ആ വീട്ടിൽ ഒളിച്ചിരിക്കുന്ന ഒരുവനോടു “നിന്റെ അടുക്കൽ ആരെങ്കിലും ഉണ്ടോ?” എന്നു ചോദിക്കും. അപ്പോൾ: “ഇല്ല, ശബ്ദിക്കരുത്; നാം യഹോവയുടെ നാമം ഉച്ചരിക്കരുത്.” എന്ന് അവൻ പറയും. 11 യഹോവ കൽപ്പന അയച്ചുകഴിഞ്ഞു, യഹോവ വലിയ വീട് തകർത്തുകളയും ചെറിയ വീട് ഛിന്നഭിന്നമാകും. 12 കുതിര പാറപ്പുറത്ത് ഓടുമോ? അവിടെ ആരെങ്കിലും കാളയെ പൂട്ടി ഉഴുമോ? എന്നാൽ, നിങ്ങൾ ന്യായത്തെ വിഷമാക്കി; നീതിയിൻ ഫലത്തെ കയ്‌പാക്കിയുമിരിക്കുന്നു. 13 ലോ-ദേബാരിനെ കീഴടക്കിയതിൽ ആനന്ദിച്ചുകൊണ്ട്, “നമ്മുടെ സ്വന്തശക്തികൊണ്ടു കർണയിമിനെ നാം പിടിച്ചടക്കിയില്ലയോ” എന്നു പറയുന്നവരേ, 14 സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു: “ഇസ്രായേൽഗൃഹമേ, ഞാൻ നിനക്കെതിരേ ഒരു രാജ്യത്തെ ഉണർത്തും; അവർ നിങ്ങളെ ലെബോ-ഹമാത്തുമുതൽ അരാബാ താഴ്വരവരെ എല്ലാ നിലകളിലും പീഡിപ്പിക്കും.”

< ആമോസ് 6 >