< 2 കൊരിന്ത്യർ 1 >

1 ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും, കൊരിന്തിലുള്ള ദൈവസഭയ്ക്കും അഖായ സംസ്ഥാനത്തിൽ എല്ലായിടത്തുമുള്ള സകലവിശുദ്ധർക്കും, എഴുതുന്നത്: 2 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. 3 കരുണാസമ്പന്നനായ പിതാവും സർവ ആശ്വാസങ്ങളുടെയും ദാതാവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം വാഴ്ത്തപ്പെട്ടവൻ! 4 ഞങ്ങൾക്കുണ്ടാകുന്ന സകലകഷ്ടതകളിലും അവിടന്നു ഞങ്ങളെ ആശ്വസിപ്പിക്കുന്നു. അതുകൊണ്ട് ഞങ്ങളും ഏതുതരം കഷ്ടതയിൽ ആയിരിക്കുന്നവരെയും ദൈവത്തിൽനിന്നു ലഭിച്ചിരിക്കുന്ന ആശ്വാസത്താൽ, ആശ്വസിപ്പിക്കാൻ പ്രാപ്തരായിരിക്കുന്നു. 5 അങ്ങനെ, ക്രിസ്തു നിമിത്തമുള്ള കഷ്ടതകൾ ഞങ്ങളിൽ വർധിച്ചുവരുന്നതുപോലെ ക്രിസ്തുവിൽനിന്നു ലഭിക്കുന്ന ആശ്വാസവും ഞങ്ങളിൽ വർധിച്ചുവരുന്നു. 6 ഞങ്ങൾ ഇപ്പോൾ കഷ്ടം സഹിക്കുന്നെങ്കിൽ അത് നിങ്ങൾക്ക് ആശ്വാസം ലഭിക്കേണ്ടതിനും നിങ്ങൾ രക്ഷപ്രാപിക്കേണ്ടതിനുംവേണ്ടിയാണ്. ഞങ്ങൾക്ക് ആശ്വാസം ലഭിക്കുന്നെങ്കിൽ അതുനിമിത്തം നിങ്ങൾക്കും ആശ്വാസം ലഭിക്കുകതന്നെ ചെയ്യും. അങ്ങനെ, ഞങ്ങൾ സഹിക്കുന്ന അതേ കഷ്ടതകൾ സഹിക്കാനുള്ള സഹനശക്തി നിങ്ങൾക്കും ഉണ്ടാകും. 7 ഞങ്ങൾ അനുഭവിച്ച കഷ്ടതകളിൽ നിങ്ങൾ പങ്കാളികളായതുപോലെ ഞങ്ങൾ അനുഭവിച്ച ആശ്വാസത്തിലും നിങ്ങൾ പങ്കാളികളാകും. ഈ അറിവ് നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രത്യാശ ഉറപ്പാക്കുന്നു. 8 സഹോദരങ്ങളേ, ഏഷ്യാപ്രവിശ്യയിൽ വെച്ച് ഞങ്ങൾക്കുണ്ടായ ഉപദ്രവത്തെക്കുറിച്ചു നിങ്ങൾ അറിയാതിരിക്കരുതെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ജീവനോടിരിക്കുമോ എന്നുപോലും സംശയിക്കുംവിധം സഹനശക്തിക്ക് അപ്പുറമായ കഷ്ടതകൾ ഞങ്ങൾ നേരിട്ടു. 9 അങ്ങനെ ഞങ്ങൾ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെപ്പോലെ ആശയറ്റവരായിത്തീർന്നു. എന്നിട്ടും ഞങ്ങൾ സ്വയം രക്ഷപ്പെടാനുള്ള മാർഗം ഉപേക്ഷിച്ച്, മരിച്ചവരെ ജീവിപ്പിക്കാൻ ശക്തനായ ദൈവത്തിൽ പ്രതീക്ഷവെച്ചു. 10 ഇത്രവലിയ മരണഭയത്തിൽനിന്ന് ഞങ്ങളെ വിടുവിച്ച ദൈവം പിന്നെയും വിടുവിക്കും. ഞങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന ദൈവം ഇനിയും ഞങ്ങളെ രക്ഷിക്കും. 11 പ്രാർഥനയിലൂടെ നിങ്ങൾ ഞങ്ങൾക്കു സഹായികളായല്ലോ. ഇങ്ങനെ അനേകംപേരുടെ പ്രാർഥനയ്ക്ക് ഉത്തരമായി ദൈവം ഞങ്ങളെ കൃപയോടെ സഹായിച്ചിരിക്കുന്നു. അതുനിമിത്തം അവരെല്ലാം ഞങ്ങളെയോർത്ത് ദൈവത്തിന് സ്തോത്രംചെയ്യാൻ ഇടയാകും. 12 ഈ ലോകത്തിൽ ഞങ്ങളുടെ വ്യവഹാരം, വിശേഷിച്ച് നിങ്ങളോടുള്ളത്, ദൈവത്തിൽനിന്നുള്ള വിശുദ്ധിയോടും ആത്മാർഥതയോടുംകൂടെ ആയിരുന്നു എന്ന് ഞങ്ങളുടെ മനസ്സാക്ഷി നൽകുന്ന ഈ സാക്ഷ്യംതന്നെ ഞങ്ങളുടെ അഭിമാനം. ലൗകികജ്ഞാനത്താലല്ല, ദൈവത്തിൽനിന്നു ലഭിച്ച കൃപയാലാണ് ഞങ്ങൾക്ക് അത് സാധ്യമായിത്തീർന്നത്. 13 നിങ്ങൾക്ക് വായിക്കാനും മനസ്സിലാക്കാനും കഴിയാത്തതൊന്നുംതന്നെ ഞങ്ങൾ നിങ്ങൾക്കെഴുതിയിട്ടില്ല. 14 മുമ്പ് നിങ്ങൾ ഞങ്ങളെ ഒരല്പം മനസ്സിലാക്കി. അതുപോലെതന്നെ തുടർന്നും എന്നെ നിങ്ങൾക്ക് പൂർണമായി മനസ്സിലാക്കാൻ കഴിയും എന്നു ഞാൻ ആശിക്കുന്നു. അങ്ങനെ, കർത്താവായ യേശുവിന്റെ പുനരാഗമനത്തിൽ ഞങ്ങൾക്കു നിങ്ങളെക്കുറിച്ച് അഭിമാനിക്കാൻ സാധിക്കുന്നതുപോലെതന്നെ, നിങ്ങൾക്ക് ഞങ്ങളെക്കുറിച്ചും അഭിമാനിക്കാൻ സാധിക്കും. 15 ഈ ആത്മവിശ്വാസത്തോടെയാണ് ഞാൻ മുമ്പുതന്നെ നിങ്ങളെ സന്ദർശിക്കണമെന്നും അങ്ങനെ നിങ്ങൾക്കു രണ്ടാമതും പ്രയോജനം ഉണ്ടാകണമെന്നും ഉദ്ദേശിച്ചത്. 16 മക്കദോന്യയിലേക്കു പോകുമ്പോൾ നിങ്ങളെ സന്ദർശിക്കണമെന്നും അവിടെനിന്നുള്ള മടക്കയാത്രയിൽ വീണ്ടും നിങ്ങളുടെ അടുക്കൽ എത്തി, നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്രയയയ്ക്കപ്പെടണമെന്നും ആയിരുന്നു എന്റെ ആഗ്രഹം. 17 ചഞ്ചലചിത്തത്തോടെയാണോ ഞാൻ ഈ തീരുമാനമെടുത്തത്? ഒരേ ശ്വാസത്തിൽ “ഉവ്വ്, ഉവ്വ്” എന്നും “ഇല്ല, ഇല്ല” എന്നും പറയാൻ ഇടനൽകുന്ന മാനുഷികരീതിയിലാണോ, ഞാൻ കാര്യങ്ങൾ ക്രമീകരിക്കുന്നത്? 18 നിങ്ങളോടുള്ള ഞങ്ങളുടെ വാക്ക് ഒരേസമയം “ഉവ്വ്” എന്നും “ഇല്ല” എന്നും ആയിരുന്നില്ല എന്നതിനു വാക്കുമാറാത്ത ദൈവം സാക്ഷിയാണ്. 19 ഞാനും സില്വാനൊസും തിമോത്തിയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ചിലസമയം “ഉവ്വ്” എന്നും മറ്റുചില സമയം “ഇല്ല” എന്നും മാറിക്കൊണ്ടിരിക്കുന്നവൻ ആയിരുന്നില്ല; അവിടത്തേക്ക് എപ്പോഴും “ഉവ്വ്” മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. 20 ദൈവം മനുഷ്യന് എത്രയെല്ലാം വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവയെല്ലാം ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, നാം ക്രിസ്തുവിലൂടെ അവയ്ക്ക് ദൈവമഹത്ത്വത്തിനായി “ആമേൻ” പറയും. 21 ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുന്നതും നമ്മെ ദൈവികശുശ്രൂഷയ്ക്കായി നിയോഗിച്ചിരിക്കുന്നതും ദൈവംതന്നെ. 22 അവിടന്ന് തന്റെ ഉടമസ്ഥതയുടെ മുദ്ര നമ്മുടെമേൽ പതിച്ച്, തന്റെ ആത്മാവിനെ ആദ്യഗഡുവായി നമ്മുടെ ഹൃദയങ്ങളിൽ പകരുകയുംചെയ്തിരിക്കുന്നു. 23 നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതിയാണു ഞാൻ കൊരിന്തിലേക്കു പിന്നെയും വരാതിരുന്നത്. അതിനു ദൈവം സാക്ഷി. 24 നിങ്ങളുടെ വിശ്വാസജീവിതത്തിന്മേൽ ആധിപത്യംനടത്തുന്നവരായിട്ടല്ല; മറിച്ച്, നിങ്ങളുടെ ആനന്ദം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സഹപ്രവർത്തകരെപ്പോലെയാണ് ഞങ്ങൾ. കാരണം, നിങ്ങൾ വിശ്വാസത്തിൽ സുസ്ഥിരരാണല്ലോ.

< 2 കൊരിന്ത്യർ 1 >