< 2 ദിനവൃത്താന്തം 10 >

1 രെഹബെയാമിനെ രാജാവാക്കേണ്ടതിന് യിസ്രായേൽ ജനമെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ട് അവനും ശെഖേമിൽ ചെന്നു. 2 എന്നാൽ ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി ഈജിപ്റ്റിൽ പാർത്തിരുന്ന നെബാത്തിന്റെ മകൻ യൊരോബെയാം അത് കേട്ട് അവിടെനിന്ന് മടങ്ങിവന്നു. 3 അവർ ആളയച്ച് അവനെ വിളിപ്പിച്ചു; യൊരോബെയാമും യിസ്രായേൽ ജനവും വന്ന് രെഹബെയാമിനോട്: 4 “നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; ആകയാൽ നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചു തരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്നു പറഞ്ഞു. 5 അവൻ അവരോട്: “മൂന്നുദിവസം കഴിഞ്ഞിട്ട് വീണ്ടും എന്റെ അടുക്കൽ വരുവീൻ” എന്നു പറഞ്ഞു. അങ്ങനെ ജനം പോയി. 6 രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോന്റെ കാലത്ത് അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധജനത്തോട് ആലോചിച്ചു: “ഈ ജനത്തോട് ഉത്തരം പറയേണ്ടതിന് നിങ്ങൾക്ക് എന്തുപദേശം നൽകാനുണ്ട്” എന്ന് ചോദിച്ചു. 7 അവർ അവനോട്: “നീ ജനത്തോടു ദയകാണിച്ച് അവരെ പ്രസാദിപ്പിച്ച് അവരോട് നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്ക് ദാസന്മാരായിരിക്കും” എന്നു പറഞ്ഞു. 8 എന്നാൽ വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചന അവൻ ത്യജിച്ച്, തന്നോടുകൂടെ വളർന്ന, തന്നോടൊപ്പം നില്ക്കുന്ന യൗവനക്കാരോട് ആലോചിച്ചു: 9 “നിന്റെ അപ്പൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്ന് എന്നോട് ആവശ്യപ്പെടുന്ന ഈ ജനത്തോട് ഞാൻ ഉത്തരം പറയാൻ നിങ്ങൾ എന്താലോചന നൽകുന്നു” എന്ന് അവരോട് ചോദിച്ചു. 10 ൧൦ അവനോട് കൂടെ വളർന്ന യൗവനക്കാർ അവനോട്: “നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നീ അത് ഭാരം കുറച്ചുതരേണം എന്ന് നിന്നോട് പറഞ്ഞ ജനത്തോട്, ‘എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും. 11 ൧൧ എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചു; ഞാൻ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ട് അടിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ട് ദണ്ഡിപ്പിക്കും’ എന്നിങ്ങനെ നീ ഉത്തരം പറയേണം” എന്നു പറഞ്ഞു. 12 ൧൨ മൂന്നാംദിവസം വീണ്ടും എന്റെ അടുക്കൽ വരുവീൻ എന്ന് രാജാവ് പറഞ്ഞ പ്രകാരം യൊരോബെയാമും സകലജനവും മൂന്നാംദിവസം അവന്റെ അടുക്കൽ വന്നു. 13 ൧൩ എന്നാൽ രാജാവ് അവരോട് കഠിനമായി ഉത്തരം പറഞ്ഞു; രെഹബെയാം വൃദ്ധന്മാരുടെ ആലോചന തള്ളിക്കളഞ്ഞ് 14 ൧൪ യൗവനക്കാരുടെ ആലോചനപ്രകാരം അവരോട്: “എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ അതിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു; ഞാനോ മുൾചാട്ടകൊണ്ട് നിങ്ങളെ ദണ്ഡിപ്പിക്കും” എന്ന് ഉത്തരം പറഞ്ഞു. 15 ൧൫ ഇങ്ങനെ രാജാവ് ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു. 16 ൧൬ രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കുകയില്ല എന്ന് യിസ്രായേൽജനം കണ്ടപ്പോൾ അവർ രാജാവിനോട്: “ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരിയാണുള്ളത്? യിശ്ശായിയുടെ പുത്രന്റെ മേൽ ഞങ്ങൾക്ക് അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്ക് പൊയ്ക്കൊൾക; ദാവീദേ, നിന്റെ ഗൃഹം നീ തന്നേ നോക്കിക്കൊൾക” എന്ന് ഉത്തരം പറഞ്ഞ് യിസ്രായേൽ ജനമെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി. 17 ൧൭ യെഹൂദാ നഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കു മാത്രം രെഹബെയാം രാജാവായിത്തീർന്നു. 18 ൧൮ പിന്നെ രെഹബെയാംരാജാവ് അടിമവേലക്കാരുടെ മേൽവിചാരകനായ ഹദോരാമിനെ യിസ്രായേൽ ജനത്തിന്റെ അടുക്കൽ അയച്ചു; എന്നാൽ അവർ അവനെ കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു; രെഹബെയാംരാജാവ് വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിച്ചുപോയി. 19 ൧൯ ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോട് മത്സരിച്ചു നില്ക്കുന്നു.

< 2 ദിനവൃത്താന്തം 10 >