< സങ്കീർത്തനങ്ങൾ 78 >

1 എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ; എന്റെ വായ്മൊഴികൾക്കു നിങ്ങളുടെ ചെവി ചായിപ്പിൻ. 2 ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും. 3 നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു. 4 നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. 5 അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു. 6 വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും 7 അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും 8 തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ. 9 ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി. 10 അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല; അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു. 11 അവർ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു. 12 അവൻ മിസ്രയീംദേശത്തു, സോവാൻ വയലിൽവെച്ചു അവരുടെ പിതാക്കന്മാർ കാൺകെ, അത്ഭുതം പ്രവൎത്തിച്ചു. 13 അവൻ സമുദ്രത്തെ വിഭാഗിച്ചു, അതിൽകൂടി അവരെ കടത്തി; അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി. 14 പകൽസമയത്തു അവൻ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി. 15 അവൻ മരുഭൂമിയിൽ പാറകളെ പിളൎന്നു ആഴികളാൽ എന്നപോലെ അവൎക്കു ധാരാളം കുടിപ്പാൻ കൊടുത്തു. 16 പാറയിൽനിന്നു അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി. 17 എങ്കിലും അവർ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയിൽവെച്ചു മത്സരിച്ചുകൊണ്ടിരുന്നു. 18 തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു. 19 അവർ ദൈവത്തിന്നു വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിന്നു കഴിയുമോ? 20 അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാൽ അപ്പംകൂടെ തരുവാൻ അവന്നു കഴിയുമോ? തന്റെ ജനത്തിന്നു അവൻ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു. 21 ആകയാൽ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി. 22 അവർ ദൈവത്തിൽ വിശ്വസിക്കയും അവന്റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നേ. 23 അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു. 24 അവൎക്കു തിന്മാൻ മന്ന വൎഷിപ്പിച്ചു; സ്വൎഗ്ഗീയധാന്യം അവൎക്കു കൊടുത്തു. 25 മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവൎക്കു തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. 26 അവൻ ആകാശത്തിൽ കിഴക്കൻകാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി. 27 അവൻ അവൎക്കു പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വൎഷിപ്പിച്ചു; 28 അവരുടെ പാളയത്തിന്റെ നടുവിലും പാൎപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു. 29 അങ്ങനെ അവർ തിന്നു തൃപ്തരായ്തീൎന്നു; അവർ ആഗ്രഹിച്ചതു അവൻ അവൎക്കു കൊടുത്തു. 30 അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നേ, 31 ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൌവനക്കാരെ സംഹരിച്ചു. 32 ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. 33 അതുകൊണ്ടു അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി. 34 അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; അവർ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും. 35 ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓൎക്കും. 36 എങ്കിലും അവർ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷ്കു പറയും. 37 അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല; അവന്റെ നിയമത്തോടു അവർ വിശ്വസ്തത കാണിച്ചതുമില്ല. 38 എങ്കിലും അവൻ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു. 39 അവർ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവൻ ഓൎത്തു. 40 മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു! 41 അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു. 42 മിസ്രയീമിൽ അടയാളങ്ങളെയും സോവാൻവയലിൽ അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും 43 അവൻ ശത്രുവിൻ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവർ ഓൎത്തില്ല. 44 അവൻ അവരുടെ നദികളെയും തോടുകളെയും അവൎക്കു കുടിപ്പാൻ വഹിയാതവണ്ണം രക്തമാക്കിത്തീൎത്തു. 45 അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവൎക്കു നാശം ചെയ്തു. 46 അവരുടെ വിള അവൻ തുള്ളന്നും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു. 47 അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു. 48 അവൻ അവരുടെ കന്നുകാലികളെ കന്മഴെക്കും അവരുടെ ആട്ടിൻ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു. 49 അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനൎത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ. 50 അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു. 51 അവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീൎയ്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു. 52 എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻ കൂട്ടത്തെപ്പോലെ അവരെ നടത്തി. 53 അവൻ അവരെ നിൎഭയമായി നടത്തുകയാൽ അവൎക്കു പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. 54 അവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പൎവ്വതത്തിലേക്കും കൊണ്ടുവന്നു. 55 അവരുടെ മുമ്പിൽനിന്നു അവൻ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവൎക്കു അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാൎപ്പിച്ചു. 56 എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. 57 അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. 58 അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷ്ണത ജനിപ്പിച്ചു. 59 ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. 60 ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. 61 തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു. 62 അവൻ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു. 63 അവരുടെ യൌവനക്കാർ തീക്കു ഇരയായിത്തീൎന്നു; അവരുടെ കന്യകമാൎക്കു വിവാഹഗീതം ഉണ്ടായതുമില്ല. 64 അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. 65 അപ്പോൾ കൎത്താവു ഉറക്കുണൎന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണൎന്നു. 66 അവൻ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവൎക്കു നിത്യനിന്ദവരുത്തുകയും ചെയ്തു. 67 എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. 68 അവൻ യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പൎവ്വതത്തെയും തിരഞ്ഞെടുത്തു. 69 താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വൎഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു. 70 അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻ തൊഴുത്തുകളിൽനിന്നു അവനെ വരുത്തി. 71 തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. 72 അങ്ങനെ അവൻ പരമാൎത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.

< സങ്കീർത്തനങ്ങൾ 78 >