< സങ്കീർത്തനങ്ങൾ 56 >

1 ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു; അവർ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു. 2 എന്റെ ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നു; ഗൎവ്വത്തോടെ എന്നോടു പൊരുതുന്നവർ അനേകരല്ലോ. 3 ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും. 4 ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്‌വാൻ കഴിയും? 5 ഇടവിടാതെ അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു. 6 അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു. 7 നീതികേടിനാൽ അവർ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്റെ കോപത്തിൽ ജാതികളെ തള്ളിയിടേണമേ. 8 നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ? 9 ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നേ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാൻ അറിയുന്നു. 10 ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ യഹോവയിൽ അവന്റെ വചനത്തെ പുകഴും. 11 ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്‌വാൻ കഴിയും? 12 ദൈവമേ, നിനക്കുള്ള നേൎച്ചകൾക്കു ഞാൻ കടമ്പെട്ടിരിക്കുന്നു; ഞാൻ നിനക്കു സ്തോത്രയാഗങ്ങളെ അൎപ്പിക്കും. 13 ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്നു നീ എന്റെ പ്രാണനെ മരണത്തിൽ നിന്നും എന്റെ കാലുകളെ ഇടൎച്ചയിൽനിന്നും വിടുവിച്ചുവല്ലോ.

< സങ്കീർത്തനങ്ങൾ 56 >