< സദൃശവാക്യങ്ങൾ 3 >

1 മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ. 2 അവ ദീൎഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വൎദ്ധിപ്പിച്ചുതരും. 3 ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക. 4 അങ്ങനെ നീ ദൈവത്തിന്നും മനുഷ്യൎക്കും ബോദ്ധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും. 5 പൂൎണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. 6 നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും; 7 നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക. 8 അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും. 9 യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക. 10 അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും. 11 മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുതു. 12 അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു. 13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. 14 അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. 15 അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല. 16 അതിന്റെ വലങ്കയ്യിൽ ദീൎഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. 17 അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. 18 അതിനെ പിടിച്ചുകൊള്ളുന്നവൎക്കു അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ. 19 ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു. 20 അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളൎന്നു; മേഘങ്ങൾ മഞ്ഞു പൊഴിക്കുന്നു. 21 മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക; അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു. 22 അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും. 23 അങ്ങനെ നീ നിൎഭയമായി വഴിയിൽ നടക്കും; നിന്റെ കാൽ ഇടറുകയുമില്ല. 24 നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും. 25 പെട്ടെന്നുള്ള പേടിഹേതുവായും ദുഷ്ടന്മാൎക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല. 26 യഹോവ നിന്റെ ആശ്രയമായിരിക്കും; അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും. 27 നന്മ ചെയ്‌വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവൎക്കു ചെയ്യാതിരിക്കരുതു. 28 നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോടു: പോയിവരിക, നാളെത്തരാം എന്നു പറയരുതു. 29 കൂട്ടുകാരൻ സമീപേ നിൎഭയം വസിക്കുമ്പോൾ, അവന്റെ നേരെ ദോഷം നിരൂപിക്കരുതു. 30 നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു നീ വെറുതെ ശണ്ഠയിടരുതു. 31 സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുതു. 32 വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാൎക്കോ അവന്റെ സഖ്യത ഉണ്ടു. 33 യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ടു; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവൻ അനുഗ്രഹിക്കുന്നു. 34 പരിഹാസികളെ അവൻ പരിഹസിക്കുന്നു; എളിയവൎക്കോ അവൻ കൃപ നല്കുന്നു. 35 ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയൎച്ചയോ അപമാനം തന്നേ.

< സദൃശവാക്യങ്ങൾ 3 >