< മർക്കൊസ് 3 >

1 അവൻ പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. 2 അവർ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. 3 വരണ്ടകയ്യുള്ള മനുഷ്യനോടു അവൻ: നടുവിൽ എഴുന്നേറ്റുനില്ക്ക എന്നു പറഞ്ഞു. 4 പിന്നെ അവരോടു: ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. 5 അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൌഖ്യമായി. 6 ഉടനെ പരീശന്മാർ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു. 7 യേശു ശിഷ്യന്മാരുമായി കടല്ക്കരക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു; 8 യെഹൂദ്യയിൽ നിന്നും യെരൂശലേമിൽനിന്നും എദോമിൽ നിന്നും യോർദ്ദാന്നക്കരെനിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടിൽനിന്നും വലിയോരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കൽ വന്നു. 9 പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു. 10 അവൻ അനേകരെ സൌഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു. 11 അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും. 12 തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവൻ അവരെ വളരെ ശാസിച്ചുപോന്നു. 13 പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു. 14 അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും 15 ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു; 16 ശിമോന്നു പത്രൊസ് എന്നു പേരിട്ടു; 17 സെബെദിയുടെ മകനായ യാക്കോബു, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവൎക്കു ഇടിമക്കൾ എന്നൎത്ഥമുള്ള ബൊവനേൎഗ്ഗെസ് എന്നു പേരിട്ടു — 18 അന്ത്രെയാസ്, ഫിലിപ്പൊസ്, ബൎത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ, 19 തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോൎത്ത് യൂദാ എന്നിവരെ തന്നേ. 20 അവൻ വീട്ടിൽ വന്നു; അവൎക്കു ഭക്ഷണം കഴിപ്പാൻപോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു. 21 അവന്റെ ചാൎച്ചക്കാർ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു. 22 യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവന്നു ബെയെത്സെബൂൽ ഉണ്ടു, ഭൂതങ്ങളുടെ തലവനെകൊണ്ടു അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു. 23 അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോടു പറഞ്ഞതു: സാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും? 24 ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല. 25 ഒരു വീടു തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിന്നു നിലനില്പാൻ കഴികയില്ല. 26 സാത്താൻ തന്നോടുതന്നേ എതിൎത്തു ഛിദ്രിച്ചു എങ്കിൽ അവന്നു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു. 27 ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവൎന്നുകളവാൻ ആൎക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവൎച്ച ചെയ്യാം. 28 മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; 29 പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. (aiōn g165, aiōnios g166) 30 അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവർ പറഞ്ഞിരുന്നു. 31 അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളപ്പാൻ ആളയച്ചു. 32 പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു: 33 എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു: 34 എന്റെ അമ്മയും സഹോദരന്മാരും ഇതാ. 35 ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

< മർക്കൊസ് 3 >