< ഇയ്യോബ് 26 >

1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു? ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി? 3 ജ്ഞാനമില്ലാത്തവന്നു എന്താലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു? 4 ആരെയാകുന്നു നീ വാക്യം കേൾപ്പിച്ചതു? ആരുടെ ശ്വാസം നിന്നിൽനിന്നു പുറപ്പെട്ടു; 5 വെള്ളത്തിന്നും അതിലെ നിവാസികൾക്കും കീഴെ പ്രേതങ്ങൾ നൊന്തു നടുങ്ങുന്നു. 6 പാതാളം അവന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു. (Sheol h7585) 7 ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു. 8 അവൻ വെള്ളത്തെ മേഘങ്ങളിൽ കെട്ടിവെക്കുന്നു; അതു വഹിച്ചിട്ടു കാർമുകിൽ കീറിപ്പോകുന്നതുമില്ല. 9 തന്റെ സിംഹാസനത്തിന്റെ ദൎശനം അവൻ മറെച്ചുവെക്കുന്നു; അതിന്മേൽ തന്റെ മേഘം വിരിക്കുന്നു. 10 അവൻ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം വെള്ളത്തിന്മേൽ ഒരു അതിർ വരെച്ചിരിക്കുന്നു. 11 ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; അവന്റെ തൎജ്ജനത്താൽ അവ ഭ്രമിച്ചുപോകുന്നു. 12 അവൻ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ടു രഹബിനെ തകൎക്കുന്നു. 13 അവന്റെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; അവന്റെ കൈ വിദ്രുതസൎപ്പത്തെ കുത്തിത്തുളെച്ചിരിക്കുന്നു. 14 എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?

< ഇയ്യോബ് 26 >