< 1 രാജാക്കന്മാർ 7 >

1 ശലോമോൻ തന്റെ അരമന പതിമ്മൂന്നു ആണ്ടുകൊണ്ടു പണിതു അരമനപ്പണി മുഴുവനും തീൎത്തു. 2 അവൻ ലെബാനോൻ വനഗൃഹവും പണിതു; അതിന്നു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരുഉത്തരം വെച്ചു പണിതു. 3 ഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേൽ തുലാം വെച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു. 4 മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേൎക്കുനേരെ ആയിരുന്നു. 5 വാതിലും കട്ടളയും എല്ലാം സമചതുരവും കിളിവാതിൽ മൂന്നു നിരയായി നേൎക്കുനേരെയും ആയിരുന്നു. 6 അവൻ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുൻവശത്തു തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി. 7 ന്യായം വിധിക്കേണ്ടതിന്നു ആസ്ഥാനമണ്ഡപമായിട്ടു ഒരു സിംഹാസനമണ്ഡപവും പണിതു: അതിന്നു ആസകലം ദേവദാരുപ്പലകകൊണ്ടു അടിത്തട്ടിട്ടു. 8 ഇതിന്റെ പണിപോലെ തന്നേ അവൻ മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തിൽ അവൻ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോൻ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു. 9 ഇവ ഒക്കെയും അടിസ്ഥാനംമുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈൎച്ചവാൾകൊണ്ടു അറുത്തെടുത്ത വിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു. 10 അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു. 11 മേൽപണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു. 12 യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിന്നും ആലയത്തിന്റെ മണ്ഡപത്തിന്നും ഉണ്ടായിരുന്നതു പോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു. 13 ശലോമോൻരാജാവു സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി. 14 അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ അപ്പനോ സോൎയ്യനായ ഒരു മൂശാരിയത്രേ: അവൻ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്‌വാൻ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമൎത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്റെ അടുക്കൽ വന്നു, അവൻ കല്പിച്ച പണി ഒക്കെയും തീൎത്തു. 15 അവൻരണ്ടു താമ്രസ്തംഭം ഉണ്ടാക്കി; ഓരോന്നിന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും ഉണ്ടായിരുന്നു. 16 സ്തംഭങ്ങളുടെ തലെക്കൽ വെപ്പാൻ അവൻ താമ്രംകൊണ്ടു രണ്ടു പോതിക വാൎത്തുണ്ടാക്കി; പോതിക ഓരോന്നും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു. 17 സ്തംഭങ്ങളുടെ തലെക്കലെ പോതികെക്കു വലപോലെയുള്ള വിചിത്രപ്പണിയും മാലയും ഉണ്ടായിരുന്നു. പോതിക ഓരോന്നിന്നും ഇങ്ങനെ ഏഴേഴുണ്ടായിരുന്നു. 18 അങ്ങനെ അവൻ സ്തംഭങ്ങളെ ഉണ്ടാക്കി; അവയുടെ തലെക്കലുള്ള പോതിക മൂടത്തക്കവണ്ണം ഒരു പോതികയുടെ വലപ്പണിക്കുമീതെ രണ്ടു വരി മാതളപ്പഴം ഉണ്ടാക്കി; മറ്റെ പോതികെക്കും അവൻ അങ്ങനെ തന്നേ ഉണ്ടാക്കി. 19 മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലെക്കലെ പോതിക താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു. 20 രണ്ടു സ്തംഭത്തിന്റെയും തലെക്കൽ പോതിക ഉണ്ടായിരുന്നു. ഒരു പോതികെക്കു വലപ്പണിക്കരികെ കുംഭത്തോടു ചേൎന്നു ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം ഉണ്ടായിരുന്നു; മറ്റെ പോതികെക്കും അങ്ങനെ തന്നെ. 21 അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതില്ക്കൽ നിറുത്തി; അവൻ വലത്തെ സ്തംഭം നിറുത്തി അതിന്നു യാഖീൻ എന്നും ഇടത്തെ സ്തംഭം നിറുത്തി അതിന്നു ബോവസ് എന്നും പേരിട്ടു. 22 സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീൎന്നു. 23 അവൻ ഒരു കടൽ വാൎത്തുണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവക്കു പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു. 24 അതിന്റെ വക്കിന്നു താഴെ, പുറത്തു, മുഴം ഒന്നിന്നു പത്തു കുമിഴ് വീതം കടലിന്നു ചുറ്റും ഉണ്ടായിരുന്നു; അതു വാൎത്തപ്പോൾ തന്നെ കുമിഴും രണ്ടു നിരയായി വാൎത്തിരുന്നു. 25 അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു; അവയിൽ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടൽ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ടഭാഗം ഒക്കെയും അകത്തോട്ടു ആയിരുന്നു. 26 അതിന്റെ കനം നാലംഗുലം; അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളും. 27 അവൻ താമ്രംകൊണ്ടു പത്തു പീഠം ഉണ്ടാക്കി; ഓരോ പീഠത്തിന്നു നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. 28 പീഠങ്ങളുടെ പണി എങ്ങനെയെന്നാൽ: അവക്കുചട്ടപ്പലക ഉണ്ടായിരുന്നു; ചട്ടപ്പലക ചട്ടങ്ങളിൽ ആയിരുന്നു. 29 ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും ഉണ്ടായിരുന്നു; ചട്ടങ്ങളിൽ അവ്വണ്ണം സിംഹങ്ങൾക്കും കാളകൾക്കും മീതെയും താഴെയും തോരണപണിയും ഉണ്ടായിരുന്നു. 30 ഓരോ പീഠത്തിന്നും താമ്രം കൊണ്ടുള്ള നന്നാലു ചക്രവും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; അതിന്റെ നാലു കോണിലും കാലുകൾ ഉണ്ടായിരുന്നു. തൊട്ടിയുടെ കീഴെ കാൽ ഓരോന്നിന്നും പുറവശത്തു തോരണപ്പണിയോടുകൂടി വാൎത്തിരുന്നു. 31 അതിന്റെ വായ് ചട്ടക്കൂട്ടിന്നു അകത്തും മേലോട്ടും ഒരു മുഴം ഉയരമുള്ളതും ആയിരുന്നു; അതിന്റെ വായ് പീഠത്തിന്റെ പണിപോലെയും ഒന്നര മുഴം വൃത്തത്തിലും ആയിരുന്നു; അതിന്റെ വായ്ക്കു കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകാരമല്ല, ചതുരശ്രം ആയിരുന്നു. 32 ചക്രം നാലും ചട്ടങ്ങളുടെ കീഴും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം. 33 ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരന്നു; അവയുടെ അച്ചതണ്ടുകളും വട്ടുകളും അഴികളും ചക്രനാഭികളും എല്ലാം വാൎപ്പു പണി ആയിരുന്നു. 34 ഓരോ പീഠത്തിന്റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകൾ പീഠത്തിൽനിന്നു തന്നേ ഉള്ളവ ആയിരുന്നു. 35 ഓരോ പീഠത്തിന്റെയും തലെക്കൽ അര മുഴം ഉയരമുള്ള വളയവും ഓരോ പീഠത്തിന്റെയും മേലറ്റത്തു അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതിൽനിന്നു തന്നേ ആയിരുന്നു. 36 അതിന്റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതിൽ ഇടം ഉണ്ടായിരുന്നതുപോലെ അവൻ കെരൂബ്, സിംഹം ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി. 37 ഇങ്ങനെ അവൻ പീഠം പത്തും തീൎത്തു; അവെക്കു ഒക്കെയും വാൎപ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു. 38 അവൻ താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പതു ബത്ത് വെള്ളം കൊള്ളും; ഓരോ തൊട്ടി നന്നാലു മുഴം. പത്തു പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വെച്ചു. 39 അവൻ അഞ്ചു പീഠം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചു പീഠം ആലയത്തിന്റെ ഇടത്തുഭാഗത്തും വെച്ചു; കടലോ അവൻ ആലയത്തിന്റെ വലത്തു ഭാഗത്തു തെക്കുകിഴക്കായി വെച്ചു. 40 പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോൻരാജാവിന്നു വേണ്ടി ചെയ്ത പണികളൊക്കെയും തീൎത്തു. 41 രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലെക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാൻ രണ്ടു വലപ്പണി, 42 സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം, 43 പത്തു പീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി, 44 ഒരു കടൽ, കടലിന്റെ കീഴെയുള്ള പന്ത്രണ്ടു കാള, 45 കലങ്ങൾ, ചട്ടുകങ്ങൾ, കലശങ്ങൾ എന്നിവ തന്നേ. യഹോവയുടെ ആലയം വക ശലോമോൻരാജാവിന്നു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു. 46 യോൎദ്ദാൻ സമഭൂമിയിൽ സുക്കോത്തിന്നും സാരെഥാന്നും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാൎപ്പിച്ചു. 47 ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ടു ശലോമോൻ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു. 48 ശലോമോൻ യഹോവയുടെ ആലയത്തിന്നുള്ള സകലഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വെക്കുന്ന പൊൻമേശ, 49 അന്തൎമ്മന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ, 50 ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകൾക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നേ. 51 അങ്ങനെ ശലോമോൻരാജാവു യഹോവയുടെ ആലയംവക പണി എല്ലാം തീൎത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽവെച്ചു.

< 1 രാജാക്കന്മാർ 7 >