< സങ്കീർത്തനങ്ങൾ 29 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുക്കുക, യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുക്കുക. 2 യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക; യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക. 3 യഹോവയുടെ ശബ്ദം ആഴിക്കുമീതേ മുഴങ്ങുന്നു; മഹത്ത്വത്തിന്റെ ദൈവം ഇടിമുഴക്കുന്നു, യഹോവയുടെ ശബ്ദം പെരുവെള്ളത്തിനുമീതേ മുഴങ്ങുന്നു. 4 യഹോവയുടെ ശബ്ദം ശക്തിയുള്ളതാണ്; യഹോവയുടെ ശബ്ദം പ്രതാപമേറിയതാണ്. 5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ പിളർക്കുന്നു യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു. 6 അവിടന്ന് ലെബാനോനെ ഒരു കാളക്കിടാവിനെപ്പോലെ തുള്ളിച്ചാടിക്കുന്നു, ശിര്യോനെ ഒരു കാട്ടുകാളക്കിടാവിനെപ്പോലെയും. 7 യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ഉതിർക്കുന്നു 8 യഹോവയുടെ ശബ്ദം മരുഭൂമിയെ പ്രകമ്പനംകൊള്ളിക്കുന്നു; യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു. 9 യഹോവയുടെ ശബ്ദം വന്മരങ്ങളെ ചുഴറ്റുന്നു വനത്തെ തോലുരിച്ച് നഗ്നമാക്കുന്നു. കർത്താവിന്റെ ആലയത്തിൽ എല്ലാവരും “മഹത്ത്വം!” എന്ന് ആർപ്പിടുന്നു. 10 യഹോവ ജലപ്രളയത്തിനുമീതേ സിംഹാസനസ്ഥനായിരിക്കുന്നു യഹോവ എന്നേക്കും രാജാവായി വാഴുന്നു. 11 യഹോവ തന്റെ ജനത്തിനു ശക്തിനൽകുന്നു; യഹോവ തന്റെ ജനത്തിനു സമാധാനമരുളി അനുഗ്രഹിക്കുന്നു.

< സങ്കീർത്തനങ്ങൾ 29 >