< യോശുവ 1 >

1 യഹോവയുടെ ദാസനായ മോശയുടെ മരണാനന്തരം, മോശയുടെ ശുശ്രൂഷകനും നൂന്റെ മകനുമായ യോശുവയോട് യഹോവ ഇപ്രകാരം അരുളിച്ചെയ്തു: 2 “എന്റെ ദാസനായ മോശ മരിച്ചു; ആകയാൽ യോർദാനക്കരെ—നീയും ഈ ജനമൊക്കെയും—ഞാൻ ഇസ്രായേൽമക്കൾക്കു കൊടുക്കാനിരിക്കുന്ന ദേശത്തേക്കു പോകാൻ തയ്യാറെടുക്കുക. 3 ഞാൻ മോശയോടു വാഗ്ദാനംചെയ്തതുപോലെ നിങ്ങളുടെ കാൽപാദങ്ങൾ പതിക്കുന്ന സ്ഥലമൊക്കെയും ഞാൻ നിങ്ങൾക്കു തരും. 4 തെക്കേ ദേശമായ മരുഭൂമിമുതൽ വടക്ക് ലെബാനോൻ മലനിരകളും കിഴക്ക് യൂഫ്രട്ടീസ് എന്ന മഹാനദിമുതൽ പടിഞ്ഞാറ് ഹിത്യരാജ്യം മുഴുവനും മെഡിറ്ററേനിയൻ സമുദ്രംവരെയും നിങ്ങളുടെ ഭൂപ്രദേശം വ്യാപിച്ചുകിടക്കും. 5 നിന്റെ ജീവിതകാലത്ത് ഒരിക്കലും ഒരുത്തനും നിന്റെനേരേ നിൽക്കുകയില്ല; ഞാൻ മോശയോടുകൂടെയിരുന്നതുപോലെ നിന്നോടുകൂടെയുമിരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല. 6 ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക; കാരണം, ഇവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ഞാൻ വാഗ്ദത്തംചെയ്ത ദേശം ഈ ജനം കൈവശമാക്കേണ്ടതിനു നീ അവരെ നയിക്കുക. 7 “ഉറപ്പും വളരെ ധൈര്യവുമുള്ളവനായിരിക്കുക; എന്റെ ദാസനായ മോശ നിനക്കുതന്ന ന്യായപ്രമാണമൊക്കെയും പാലിക്കാൻ ശ്രദ്ധിക്കുക; നീ ചെല്ലുന്നിടത്തൊക്കെയും വിജയം കൈവരിക്കേണ്ടതിന് അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. 8 ഈ ന്യായപ്രമാണഗ്രന്ഥത്തിലുള്ളത് നിന്റെ അധരങ്ങളിൽനിന്നു നീങ്ങിപ്പോകരുത്; അതിൽ രേഖപ്പെടുത്തിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം ചെയ്യേണ്ടതിനു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കണം; എന്നാൽ നിന്റെ പ്രയത്നം സഫലമാകുകയും; നീ വിജയം നേടുകയും ചെയ്യും. 9 ബലവും ധൈര്യവും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കൽപ്പിച്ചില്ലയോ; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉണ്ടായിരിക്കും.” 10 അപ്പോൾ യോശുവ ജനത്തിന്റെ നായകന്മാരോട് ഇപ്രകാരം കൽപ്പിച്ചു: 11 “പാളയത്തിൽ ചെന്നു ജനത്തോട്: ‘നിങ്ങൾക്കാവശ്യമായവ സംഭരിക്കുക. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദേശം കൈവശപ്പെടുത്തുന്നതിന് മൂന്നുദിവസം കഴിഞ്ഞ് യോർദാനക്കരെ കടക്കേണ്ടതാകുന്നു’ എന്നു പറയുക.” 12 എന്നാൽ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പകുതിഗോത്രത്തോടും ഇപ്രകാരം പറഞ്ഞു: 13 “യഹോവയുടെ ദാസനായ മോശ നിങ്ങൾക്കു നൽകിയ കൽപ്പന ഓർത്തുകൊൾക; ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വിശ്രമംനൽകി ഈ ദേശവും തന്നിരിക്കുന്നു.’ 14 നിങ്ങളുടെ ഭാര്യമാരും കുട്ടികളും കന്നുകാലികളും യോർദാനു കിഴക്ക് മോശ നിങ്ങൾക്കു നൽകിയ ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തരായവർ ഒക്കെയും ആയുധധാരികളായി നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെല്ലുക. 15 യഹോവ നിങ്ങൾക്കെന്നപോലെ നിങ്ങളുടെ സഹോദരന്മാർക്കും വിശ്രമം നൽകുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുന്നതുവരെ അവരെ സഹായിക്കുക; അതിന്റെശേഷം യഹോവയുടെ ദാസനായ മോശ കിഴക്കു യോർദാന് അക്കരെ നിങ്ങൾക്ക് അവകാശപ്പെടുത്തി നൽകിയിട്ടുള്ള നിങ്ങളുടെ സ്വന്തം ദേശത്തേക്കു മടങ്ങിവന്ന് അതിനെ അനുഭവിച്ചുകൊള്ളണം.” 16 അവർ യോശുവയോട് ഉത്തരം പറഞ്ഞു: “അങ്ങ് ഞങ്ങളോടു കൽപ്പിച്ചിട്ടുള്ളതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയയ്ക്കുന്നിടത്തൊക്കെയും ഞങ്ങൾ പോകും. 17 ഞങ്ങൾ മോശയെ പൂർണമായും അനുസരിച്ചതുപോലെ അങ്ങയെയും അനുസരിക്കും. അങ്ങയുടെ ദൈവമായ യഹോവ മോശയോടുകൂടി ഇരുന്നതുപോലെ അങ്ങയോടുകൂടിയും ഇരുന്നാൽമാത്രംമതി. 18 ആരെങ്കിലും അങ്ങയുടെ കൽപ്പന ചോദ്യംചെയ്യുകയും അങ്ങ് കൽപ്പിക്കുന്ന വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്താൽ ആ വ്യക്തി മരണത്തിനിരയാകണം. അങ്ങ് ബലവും ധൈര്യവും ഉള്ളവനായിമാത്രം ഇരിക്കുക!”

< യോശുവ 1 >