< ഇയ്യോബ് 32 >

1 അങ്ങനെ തന്റെ ദൃഷ്ടിയിൽ താൻ നീതിമാനാണെന്ന് ഇയ്യോബിനു തോന്നുകനിമിത്തം ഈ പുരുഷന്മാരും അദ്ദേഹത്തോടുള്ള പ്രതിവാദം മതിയാക്കി. 2 ഇയ്യോബ് ദൈവത്തെക്കാൾ നീതിമാനാണെന്ന് സ്വയം അവകാശപ്പെട്ടതുകൊണ്ട് അദ്ദേഹത്തിനെതിരേ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ കോപപരവശനായി. 3 ആ മൂന്നു പുരുഷന്മാർക്കും പ്രതിവാദം ഇല്ല്ലാതായിപ്പോയതുകൊണ്ടും അവർ ഇയ്യോബിനെ കുറ്റം വിധിച്ചിരുന്നതുകൊണ്ടും അവരുടെനേരേയും എലീഹൂ കോപിച്ചു. 4 അവർ എലീഹൂവിനെക്കാൾ പ്രായം കൂടിയവരായിരുന്നതിനാൽ അദ്ദേഹം ഇയ്യോബിനോടു സംസാരിക്കാൻ മുതിരാതെ കാത്തിരിക്കുകയായിരുന്നു. 5 ഈ മൂന്നു പുരുഷന്മാർക്കും ഉത്തരംമുട്ടിയതുകണ്ടപ്പോൾ എലീഹൂവിന്റെ കോപം അവരുടെനേരേ ജ്വലിച്ചു. 6 അപ്പോൾ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ ഇപ്രകാരം സംസാരിച്ചു: “ഞാൻ പ്രായത്തിൽ കുറഞ്ഞവനും നിങ്ങൾ വയോധികരും; അതിനാൽ എന്റെ അഭിപ്രായം നിങ്ങളോട് അറിയിക്കാൻ എനിക്കു ഭയവും സങ്കോചവും തോന്നി. 7 ‘പ്രായം സംസാരിക്കട്ടെ, പ്രായാധിക്യമാണ് ജ്ഞാനം ഉപദേശിക്കേണ്ടത്,’ എന്നു ഞാൻ ചിന്തിച്ചു. 8 എന്നാൽ മനുഷ്യനിൽ ഒരു ആത്മാവുണ്ട്; സർവശക്തന്റെ ശ്വാസംതന്നെ, അതാണ് മനുഷ്യനു വിവേകം നൽകുന്നത്. 9 പ്രായം ഉള്ളതുകൊണ്ടുമാത്രം ജ്ഞാനികളാകണമെന്നില്ല, വൃദ്ധർ ആയതുകൊണ്ടുമാത്രം ന്യായം ഗ്രഹിക്കണമെന്നുമില്ല. 10 “അതിനാൽ ഞാൻ പറയുന്നു: എന്റെ വാക്കുകൾ ശ്രദ്ധിക്കുക; എനിക്ക് അറിവുള്ളത് ഞാനുംകൂടി നിങ്ങളോടു പറയട്ടെ. 11 നിങ്ങൾ സംസാരിച്ചപ്പോൾ ഞാൻ കേട്ടുകൊണ്ടിരുന്നു, നിങ്ങൾ വാക്കുകൾക്കുവേണ്ടി പരതിക്കൊണ്ടിരുന്നപ്പോൾ, നിങ്ങളുടെ യുക്തി ഞാൻ അവലോകനംചെയ്തു; 12 നിങ്ങളുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചുകേട്ടു. എന്നാൽ നിങ്ങൾ ആരും ഇയ്യോബിന്റെ വാദമുഖത്തെ ഖണ്ഡിച്ചിട്ടില്ല; അദ്ദേഹത്തിന്റെ വാദഗതികൾക്കു നിങ്ങൾ മറുപടി നൽകിയിട്ടുമില്ല. 13 ‘ഞങ്ങൾ ജ്ഞാനം കണ്ടെത്തിയിരിക്കുന്നു; മനുഷ്യനല്ല, ദൈവംതന്നെ അദ്ദേഹത്തെ ഖണ്ഡിക്കട്ടെ,’ എന്നു നിങ്ങൾ പറയരുത്. 14 ഇയ്യോബ് തന്റെ വാദമുഖങ്ങൾ എനിക്കെതിരേ അണിനിരത്തിയിട്ടില്ല, നിങ്ങളുടെ വാദഗതികൾകൊണ്ട് ഞാൻ അദ്ദേഹത്തോട് ഉത്തരം പറയുകയുമില്ല. 15 “അവർ പരിഭ്രാന്തരായി; അവർക്ക് ഉത്തരമായി ഒന്നുംതന്നെ പറയാനില്ല; അവർക്കു മൊഴിമുട്ടിയിരിക്കുന്നു. 16 ഞാനിനിയും കാത്തിരിക്കണമോ, അവർ നിശ്ശബ്ദരായിരിക്കുന്നല്ലോ, ഉത്തരമൊന്നും പറയുന്നില്ലല്ലോ? 17 എനിക്കും ചിലതു പറയാനുണ്ട്; എന്റെ അഭിപ്രായം ഞാനും പ്രസ്താവിക്കും. 18 ഞാൻ വാക്കുകൾകൊണ്ടു നിറഞ്ഞിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിർബന്ധിക്കുന്നു. 19 എന്റെ ഉള്ളം, ഭദ്രമായി അടച്ചിരിക്കുന്ന പാത്രത്തിനുള്ളിലെ വീഞ്ഞുപോലെ; ഞാൻ പൊട്ടാറായ ഒരു പുതിയ തുകൽക്കുടംപോലെ ആയിരിക്കുന്നു. 20 ആശ്വാസം നേടുന്നതിനായി എനിക്കു സംസാരിക്കണം; എന്റെ അധരങ്ങൾ തുറന്ന് എനിക്ക് ഉത്തരം പറയണം. 21 ആരോടും ഞാൻ പക്ഷഭേദം കാണിക്കുകയോ മുഖസ്തുതി പറയുകയോ ഇല്ല. 22 മുഖസ്തുതി പറയുന്നതിൽ ഞാൻ പ്രഗല്ഭനായിരുന്നെങ്കിൽ, എന്റെ സ്രഷ്ടാവ് എന്നെ ക്ഷണത്തിൽ നീക്കിക്കളയുമായിരുന്നു.

< ഇയ്യോബ് 32 >