< യെഹെസ്കേൽ 35 >

1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 2 “മനുഷ്യപുത്രാ, സേയീർപർവതത്തിനെതിരേ മുഖംതിരിച്ച് അതിനെതിരേ ഇപ്രകാരം പ്രവചിക്കുക: 3 അവരോട് പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സേയീർപർവതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; എന്റെ ഭുജം ഞാൻ നിനക്കെതിരേ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും. 4 ഞാൻ നിന്റെ പട്ടണങ്ങളെ കുപ്പക്കുന്നാക്കും; നീ ശൂന്യമായിത്തീരും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും. 5 “‘നീ പുരാതനമായൊരു ശത്രുത മനസ്സിൽ വെച്ചുകൊണ്ട്, ഇസ്രായേല്യരുടെ ശിക്ഷ മൂർദ്ധന്യത്തിലെത്തിയ കഷ്ടതയുടെ കാലത്ത്, അവരെ വാളിന് ഏൽപ്പിച്ചുകൊടുത്തല്ലോ, 6 അതുകൊണ്ട് ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഞാൻ നിങ്ങളെ രക്തച്ചൊരിച്ചിലിന് ഏൽപ്പിച്ചുകൊടുക്കും, അതു നിങ്ങളെ പിൻതുടരും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. നീ രക്തച്ചൊരിച്ചിൽ വെറുക്കാതിരുന്നതുകൊണ്ട്, രക്തച്ചൊരിച്ചിൽ നിന്നെ പിൻതുടരും. 7 ഞാൻ സേയീർപർവതത്തെ ഒരു ശൂന്യസ്ഥലമാക്കും; അവിടെ വരികയും പോകുകയും ചെയ്യുന്നവരെ അതിൽനിന്ന് ഛേദിച്ചുകളയും. 8 ഞാൻ നിന്റെ പർവതങ്ങളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും; വാളാൽ കൊല്ലപ്പെട്ടവർ നിന്റെ മലകളിലും താഴ്വരകളിലും മലയിടുക്കുകളിലും വീണുകിടക്കും. 9 ഞാൻ നിന്നെ എന്നെന്നേക്കും ശൂന്യമാക്കും; നിന്റെ പട്ടണങ്ങളിൽ ജനവാസം ഉണ്ടാകുകയില്ല; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും. 10 “‘യഹോവയായ ഞാൻ അവിടെ ഉണ്ടായിരുന്നിട്ടും, “ഈ രണ്ടു ജനതകളും രാജ്യങ്ങളും ഞങ്ങളുടേത് ആയിത്തീരും; ഞങ്ങൾ അവയെ അവകാശപ്പെടുത്തും” എന്നു നീ പറയുകയാൽ 11 ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, അവരോടുള്ള വിദ്വേഷത്തിൽ നീ പ്രകടിപ്പിച്ച കോപത്തിനും അസൂയയ്ക്കും തക്കവണ്ണം ഞാൻ നിന്നോട് ഇടപെടും; ഞാൻ നിന്നെ ന്യായം വിധിക്കുമ്പോൾ അവരുടെ ഇടയിൽ എന്നെത്തന്നെ വെളിപ്പെടുത്തും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 12 ഇസ്രായേൽ പർവതങ്ങൾക്കെതിരായി നീ പറഞ്ഞ എല്ലാ നിന്ദ്യകാര്യങ്ങളും യഹോവയായ ഞാൻ കേട്ടു എന്ന് അപ്പോൾ നീ അറിയും. “അവരെ ശൂന്യമാക്കിത്തീർത്തിരിക്കുന്നു; ഞങ്ങൾ അവരെ വിഴുങ്ങേണ്ടതിന് അവർ ഞങ്ങളുടെപക്കൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നു,” എന്നു നീ പറഞ്ഞുവല്ലോ. 13 നീ സംയമം പാലിക്കാതെ എനിക്കെതിരേ ആത്മപ്രശംസ ചെയ്യുകയും സംസാരിക്കുകയും ചെയ്തു; ഞാൻ അതു കേട്ടുമിരിക്കുന്നു. 14 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭൂമിമുഴുവനും ആഹ്ലാദിക്കുമ്പോൾ, ഞാൻ നിന്നെ ശൂന്യമാക്കിത്തീർക്കും. 15 ഇസ്രായേൽജനത്തിന്റെ ഓഹരി ശൂന്യമായിത്തീർന്നപ്പോൾ നീ സന്തോഷിച്ചതുകൊണ്ട് ഞാൻ നിന്നോട് ഇപ്രകാരം പ്രവർത്തിക്കും: സേയീർപർവതമേ, നീ ശൂന്യമായിത്തീരും; നീയും ഏദോം പൂർണമായുംതന്നെ. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’”

< യെഹെസ്കേൽ 35 >