< 2 ശമൂവേൽ 22 >

1 യഹോവ ദാവീദിനെ, അദ്ദേഹത്തിന്റെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈകളിൽനിന്നു രക്ഷിച്ച അവസരത്തിൽ അദ്ദേഹം യഹോവയ്ക്ക് ഈ ഗാനം ആലപിച്ചു. 2 അദ്ദേഹം പാടി: “യഹോവ എന്റെ പാറയും എന്റെ കോട്ടയും എന്റെ വിമോചകനും ആകുന്നു; 3 എന്റെ ദൈവം എന്റെ ശില, അങ്ങയിൽ ഞാൻ അഭയംതേടുന്നു, എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും എന്റെ സുരക്ഷിതസ്ഥാനവും അവിടന്നാണ്, എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനുംതന്നെ— അവിടന്ന് എന്നെ ക്രൂരതയിൽനിന്നു രക്ഷിക്കുന്നു. 4 “സ്തുത്യർഹനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു, എന്റെ ശത്രുക്കളിൽനിന്നു ഞാൻ രക്ഷനേടിയിരിക്കുന്നു. 5 മരണത്തിരമാലകൾ എനിക്കുചുറ്റും ആർത്തിരമ്പി; നാശപ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകി. 6 പാതാളത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുകെട്ടി; മരണക്കുരുക്കുകൾ എന്റെമേൽ വീണിരിക്കുന്നു. (Sheol h7585) 7 “എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാൻ നിലവിളിച്ചു. തന്റെ മന്ദിരത്തിൽനിന്ന് അവിടന്ന് എന്റെ ശബ്ദം കേട്ടു. എന്റെ നിലവിളി അവിടത്തെ കാതുകളിൽ എത്തി. 8 ഭൂമി പ്രകമ്പനത്താൽ കുലുങ്ങി, ആകാശത്തിന്റെ അടിസ്ഥാനങ്ങൾ വിറകൊണ്ടു; അവിടത്തെ കോപത്താൽ അവ ഇളകിയാടി. 9 അവിടത്തെ നാസാരന്ധ്രങ്ങളിൽനിന്നു ധൂമപടലമുയർന്നു; സംഹാരാഗ്നി അവിടത്തെ വായിൽനിന്നും പുറപ്പെട്ടു, തീക്കനലുകൾ അവിടെ കത്തിജ്വലിച്ചു. 10 അവിടന്ന് ആകാശം ചായ്ച്ച് ഇറങ്ങിവന്നു; കാർമുകിലുകൾ അവിടത്തെ തൃപ്പാദങ്ങൾ താങ്ങിനിന്നു. 11 അവിടന്നു കെരൂബിൻമുകളിലേറി പറന്നു; കാറ്റിൻചിറകേറി അങ്ങ് കുതിച്ചുയർന്നു. 12 അവിടന്ന് അന്ധകാരത്തെ തനിക്കുചുറ്റും വിതാനമാക്കി നിർത്തി— ആകാശത്തിലെ കൊടുംകാർമുകിലുകളെത്തന്നെ. 13 അവിടത്തെ സാന്നിധ്യത്തിൻ പ്രഭയിൽനിന്ന് മിന്നൽപ്പിണരുകൾ കത്തിജ്വലിച്ചു. 14 യഹോവ സ്വർഗത്തിൽനിന്നു മേഘനാദം മുഴക്കി; പരമോന്നതൻ തന്റെ ശബ്ദംകേൾപ്പിച്ചു. 15 അവിടന്നു തന്റെ അസ്ത്രമയച്ച് ശത്രുക്കളെ ചിതറിച്ചു, മിന്നൽപ്പിണരുകളാൽ അവരെ തുരത്തിയോടിച്ചു. 16 സമുദ്രത്തിന്റെ അടിത്തട്ടുകൾ ദൃശ്യമാക്കപ്പെട്ടു ഭൂമിയുടെ അസ്തിവാരം അനാവൃതമാക്കപ്പെട്ടു യഹോവേ, അവിടത്തെ ശാസനയാൽ, അങ്ങയുടെ നാസികയിൽനിന്നുള്ള നിശ്വാസത്താൽത്തന്നെ. 17 “അവിടന്ന് ഉയരത്തിൽനിന്ന് കൈനീട്ടി എന്നെ പിടിച്ചു; പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. 18 ശക്തരായ എന്റെ ശത്രുവിൽനിന്ന്, എന്റെ വൈരിയിൽനിന്ന് എന്നെ മോചിപ്പിച്ചു, അവർ എന്നെക്കാൾ പ്രബലരായിരുന്നു. 19 എന്റെ അനർഥനാളുകളിൽ അവർ എന്നോട് ഏറ്റുമുട്ടി, എന്നാൽ യഹോവ എന്നെ താങ്ങിനിർത്തി. 20 അവിടന്ന് എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചതിനാൽ അവിടന്ന് എന്നെ മോചിപ്പിച്ചു. 21 “എന്റെ നീതിക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലംതന്നു; എന്റെ കൈകളുടെ നിർമലതയ്ക്കനുസരിച്ച് അവിടന്ന് എന്നെ ആദരിച്ചു. 22 കാരണം ഞാൻ യഹോവയുടെ പാതകളിൽത്തന്നെ സഞ്ചരിച്ചു; എന്റെ ദൈവത്തെ വിട്ടകലുമാറ് ഞാൻ ദോഷം പ്രവർത്തിച്ചില്ല. 23 അവിടത്തെ ന്യായവിധികളെല്ലാം എന്റെ മുൻപിലുണ്ട്; അവിടത്തെ ഉത്തരവുകളിൽനിന്നു ഞാൻ വ്യതിചലിച്ചിട്ടില്ല. 24 തിരുമുമ്പിൽ ഞാൻ നിഷ്കളങ്കതയോടെ ജീവിച്ചു ഞാൻ പാപത്തിൽനിന്നു സ്വയം അകന്നുനിൽക്കുന്നു. 25 എന്റെ നീതിക്കനുസൃതമായി യഹോവ എനിക്കു പാരിതോഷികം നൽകിയിരിക്കുന്നു, അവിടത്തെ ദൃഷ്ടിയിൽ എന്നിലുള്ള വിശുദ്ധിക്കനുസരിച്ചുതന്നെ. 26 “വിശ്വസ്തരോട് അവിടന്ന് വിശ്വസ്തത കാട്ടുന്നു, നിഷ്കളങ്കരോട് അവിടന്ന് നിഷ്കളങ്കതയോടെ ഇടപെടുന്നു. 27 നിർമലരോട് അവിടന്ന് നിർമലതയോടും എന്നാൽ വക്രതയുള്ളവരോട് അവിടന്ന് കൗശലത്തോടും പെരുമാറുന്നു. 28 വിനയാന്വിതരെ അവിടന്ന് രക്ഷിക്കുന്നു എന്നാൽ നിഗളിച്ചുനടക്കുന്നവരെ താഴ്ത്തേണ്ടതിന് അങ്ങ് അവരുടെമേൽ ദൃഷ്ടിവെക്കുന്നു. 29 യഹോവേ, അവിടന്നാണ് എന്റെ വിളക്ക്; യഹോവ എന്റെ അന്ധകാരത്തെ പ്രകാശപൂരിതമാക്കുന്നു. 30 അങ്ങയുടെ സഹായത്താൽ എനിക്കൊരു സൈന്യത്തിനെതിരേ പാഞ്ഞുചെല്ലാൻ കഴിയും; എന്റെ ദൈവത്താൽ എനിക്കു കോട്ടമതിൽ ചാടിക്കടക്കാം. 31 “ദൈവത്തിന്റെ മാർഗം പൂർണതയുള്ളത്: യഹോവയുടെ വചനം കുറ്റമറ്റത്; തന്നിൽ അഭയം തേടുന്നവരെയെല്ലാം അവിടന്ന് സംരക്ഷിക്കുന്നു. 32 യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവമല്ലാതെ ആ ശില ആരാണ്? 33 ശക്തിയാൽ യഹോവ എന്നെ യുദ്ധസജ്ജനാക്കുന്നു എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്നതു ദൈവമാണ്. 34 അവിടന്ന് എന്റെ കാലുകളെ മാൻപേടയുടെ കാലുകൾക്കു സമമാക്കുന്നു; ഉന്നതികളിൽ പാദമൂന്നിനിൽക്കാൻ അവിടന്ന് എന്നെ സഹായിക്കുന്നു. 35 എന്റെ കരങ്ങളെ അവിടന്ന് യുദ്ധമുറകൾ പരിശീലിപ്പിക്കുന്നു; എന്റെ കൈകൾക്കു വെങ്കലവില്ലുകുലയ്ക്കാൻ കഴിവുലഭിക്കുന്നു. 36 അവിടത്തെ രക്ഷ എനിക്കു പരിചയായി നൽകി; അവിടത്തെ സഹായം എന്നെ വലിയവനാക്കിയിരിക്കുന്നു. 37 അവിടന്ന് എന്റെ കാലടികൾക്കായി രാജവീഥി ഒരുക്കിയിരിക്കുന്നു, അതിനാൽ എന്റെ കണങ്കാലുകൾ വഴുതുന്നതുമില്ല. 38 “ഞാൻ എന്റെ ശത്രുക്കളെ പിൻതുടർന്നു, ഞാൻ അവരെ തകർത്തുകളഞ്ഞു; അവരെ ഉന്മൂലനംചെയ്യുന്നതുവരെ ഞാൻ പിന്തിരിഞ്ഞില്ല. 39 ഉയിർത്തെഴുന്നേറ്റുവരാൻ കഴിയാതവണ്ണം ഞാൻ അവരെ നിശ്ശേഷം തകർത്തുകളഞ്ഞു; അവരെന്റെ കാൽക്കൽ വീണടിഞ്ഞു. 40 ശക്തിയാൽ അവിടന്ന് എന്നെ യുദ്ധസജ്ജനാക്കുന്നു അവിടന്ന് എന്റെ ശത്രുക്കളെ എന്റെ പാദത്തിൽ നമിക്കുന്നവരാക്കിത്തീർത്തു. 41 യുദ്ധത്തിൽ എന്റെ ശത്രുക്കളെ അങ്ങ് പുറംതിരിഞ്ഞോടുമാറാക്കി, എന്റെ എതിരാളികളെ ഞാൻ സംഹരിച്ചുകളഞ്ഞു. 42 സഹായത്തിനായവർ കേണപേക്ഷിച്ചു, എന്നാൽ അവരെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല— യഹോവയോട് അപേക്ഷിച്ചു, എന്നാൽ അവിടന്ന് ഉത്തരം നൽകിയതുമില്ല. 43 ഞാൻ അവരെ പൊടിച്ച് ഭൂമിയിലെ പൊടിപടലംപോലെയാക്കി; തെരുക്കോണിലെ ചെളിപോലെ ഞാനവരെ ചവിട്ടിക്കുഴച്ചു. 44 “എന്റെ ജനത്തിന്റെ ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ വിടുവിച്ചു; അവിടന്ന് എന്നെ രാഷ്ട്രങ്ങൾക്ക് അധിപതിയായി വേർതിരിച്ചു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു, 45 വിദേശികൾ എന്റെമുമ്പിൽ നടുങ്ങുന്നു; അവരെന്നെ കേൾക്കുന്നമാത്രയിൽത്തന്നെ അനുസരിക്കുന്നു. 46 അവരുടെ ആത്മധൈര്യം ചോർന്നുപോയിരിക്കുന്നു; അവർ തങ്ങളുടെ ഒളിത്താവളങ്ങളിൽനിന്ന് വിറച്ചുകൊണ്ടു പുറത്തുവരുന്നു. 47 “യഹോവ ജീവിക്കുന്നു! എന്റെ പാറ വാഴ്ത്തപ്പെടട്ടെ! എന്റെ രക്ഷകനും പാറയുമായ എന്റെ ദൈവം അത്യുന്നതൻ. 48 അവിടന്ന് എനിക്കുവേണ്ടി പ്രതികാരംചെയ്യുന്ന ദൈവം, അവിടന്ന് രാഷ്ട്രങ്ങളെ എനിക്കു വിധേയപ്പെടുത്തി തന്നിരിക്കുന്നു, 49 അവിടന്നെന്നെ എന്റെ ശത്രുക്കളിൽനിന്ന് വിടുവിക്കുന്നു. എന്റെ വൈരികൾക്കുമേൽ അവിടന്നെന്നെ ഉയർത്തി; അക്രമികളിൽനിന്ന് അവിടന്നെന്നെ മോചിപ്പിച്ചു. 50 അതുകൊണ്ട്, യഹോവേ, ഞാൻ അങ്ങയെ രാഷ്ട്രങ്ങളുടെ മധ്യേ പുകഴ്ത്തും; അവിടത്തെ നാമത്തിനു സ്തുതിപാടും. 51 “അവിടന്ന് തന്റെ രാജാവിനു മഹാവിജയം നൽകുന്നു; അവിടത്തെ അഭിഷിക്തനോട് അചഞ്ചലമായ ദയ പ്രകടിപ്പിക്കുന്നു, ദാവീദിനോടും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും എന്നേക്കുംതന്നെ.”

< 2 ശമൂവേൽ 22 >